മെസിയെ കേരളത്തിലെത്തിക്കാമെന്നപേരിൽ തട്ടിപ്പ്; 22.68 കോടിയുടെ ജിഎസ്ടി വെട്ടിപ്പിൽ അന്വേഷണം നാളെ തുടങ്ങും

തിരുവനന്തപുരം: ലയണൽ മെസി ഉൾപ്പെടുന്ന അർജൻറീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് നടന്നോ എന്നതിൽ ജിഎസ്ടി അന്വേഷണം നാളെ ആരംഭിക്കും. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 22.68 കോടി രൂപ ജിഎസ്ടി ഇനത്തിൽ അടച്ചിട്ടില്ലെന്ന കണ്ടെത്തലിലാണ് നടപടി.

അന്വേഷണത്തിനായി ജിഎസ്ടി നിയോഗിച്ച അഞ്ചംഗ പ്രത്യേക സംഘം നാളെ കാഞ്ഞങ്ങാട്ടെത്തി പരിശോധന നടത്തും. ഡെപ്യൂട്ടി കമ്മിഷണർ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കാഞ്ഞങ്ങാട് ജിഎസ്‌ടി ഇൻറലിജൻസ് ഓഫീസറുടെ മൊഴിയും സംഘം രേഖപ്പെടുത്തും.

കമ്പനിക്ക് നേരത്തെ നോട്ടീസ് നൽകിയിട്ടും തുടർനടപടി സ്വീകരിക്കാതിരുന്നതിലും അന്വേഷണസംഘം വിശദീകരണം തേടും. 2025 ജൂണിലാണ് റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനി 22.68 കോടി രൂപ ജിഎസ്ടി അടച്ചിട്ടില്ലെന്ന് കാഞ്ഞങ്ങാട് ജിഎസ്ട‌ി ഇൻറലിജൻസ് വിഭാഗം കണ്ടെത്തിയത്. തുടർന്ന് അഞ്ച് തവണ നോട്ടീസ് നൽകിയെങ്കിലും കമ്പനി പ്രതികരിച്ചില്ല. പിന്നീട് കഴിഞ്ഞ ജൂലൈയിലും സമൻസ് അയച്ചിരുന്നു.

നികാതി വെടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥനെ ഇതിനിടെ സ്ഥലം മാറ്റിയിരുന്നു. നോട്ടീസ് നൽകിയിട്ടും തുടർനടപടികൾ വൈകിയതിന്റെ കാരണമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.

കമ്പനിയുടെ വിവിധ ഫയലുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഇ-വേ ബില്ലുകൾ തുടങ്ങിയ രേഖകളും സംഘം പരിശോധിക്കും. മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന ഇടപാടുകളിൽ നികുതി വെട്ടിപ്പും ഉൾപ്പെട്ടിട്ടുണ്ടോ എന്നതിലാകും പ്രധാനമായും അന്വേഷണം കേന്ദ്രീകരിക്കുക.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ബുധനാഴ്ചയോടെ സർക്കാരിന് സമർപ്പിക്കാനാണ് സാധ്യത. മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക ക്രമക്കേടുകളിലും സർക്കാർ അന്വേഷണം ഉടൻ ആരംഭിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!