തിരുവനന്തപുരം : കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ ആരോപണവിധേയനായ കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പുറമെ റൂട്രോണിക്സ് എം.ഡി സ്ഥാനവും നഷ്ടമാകും.
കേസിൽ പ്രോസിക്യൂഷൻ നേരിടുന്ന ഉദ്യോഗസ്ഥൻ ഉന്നത തസ്തികകളിൽ തുടരുന്നതിനെതിരെ ഹൈക്കോടതിയി ൽനിന്ന് കടുത്ത വിമർശനമുയർന്നതിനെ തുടർന്നാണ്, പദവികളിൽനിന്ന് രാജിവെച്ചൊഴിയാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.
കേരള കശുവണ്ടി വികസന കോർപ്പറേഷന്റെ മുൻ മാനേജിങ് ഡയറക്ടറായിരുന്ന കെ.എ. രതീഷിനെതിരെ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കോടികളുടെ സാമ്പത്തിക ക്രമക്കേടിലാണ് കേസ് നിലനിൽക്കുന്നത്.
കേസിൽ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. കൂടാതെ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള (PC Act) കുറ്റങ്ങൾ കൂടി ചുമത്തി സി.ബി.ഐ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അനുബന്ധ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.
ഗുരുതരമായ അഴിമതി ആരോപണങ്ങളും പ്രോസിക്യൂഷൻ അനുമതിയും നേരിടുന്ന വ്യക്തിയെ ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് എം.ഡി, ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് സി.ഇ.ഒ തുടങ്ങിയ സുപ്രധാന ചുമതലകളിൽ തുടരാൻ അനുവദിച്ചത് എങ്ങനെയെന്ന് ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. കോടതിയുടെ പരസ്യമായ അതൃപ്തിയെ ത്തുടർന്നാണ് ഭരണനേതൃത്വം അടിയന്തര നടപടിയിലേക്ക് കടന്നത്.
