ന്യൂഡൽഹി: കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അധിക നികുതിവിഹിതം അനുവദിച്ചു. ശനിയാഴ്ച പ്രഖ്യാപിച്ച ഈ പ്രത്യേക വിഹിതമായി രാജ്യത്തെ സംസ്ഥാനങ്ങൾക്ക് ആകെ 1,09,019 കോടി രൂപയാണ് കൈമാറുന്നത്. ഇതിൽ കേരളത്തിന് 2,597 കോടി രൂപ ലഭിക്കും.
സംസ്ഥാനങ്ങളുടെ ധനസ്ഥിതി ശക്തിപ്പെടുത്തുകയും മൂലധന-വികസന പദ്ധതികൾക്ക് കൂടുതൽ വേഗം നൽകുകയും ചെയ്യുന്നതിനായാണ് പ്രത്യേക നികുതി വിഹിതം നൽകുന്നത്.
ഓഗസ്റ്റ് 10-ന് പതിവായി ലഭിക്കുന്ന പ്രതിമാസ നികുതിവിഹിതത്തിന് പുറമെയാണ് ഈ അധിക തുകയെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ വികസനപ്രവർത്തനങ്ങൾക്കും പൊതുമേഖലാ നിക്ഷേപങ്ങൾക്കും ഈ തുക സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
അധിക നികുതിവിഹിതത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത് ഉത്തർപ്രദേശിനാണ്. 19,208 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്. 10,845 കോടി രൂപയുമായി ബിഹാർ രണ്ടാം സ്ഥാനത്താണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്നാടിന് 4,466 കോടി രൂപയും ആന്ധ്രപ്രദേശിന് 4,597 കോടി രൂപയും കർണാടകയ്ക്ക് 4,504 കോടി രൂപയും തെലങ്കാനയ്ക്ക് 2,370 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കേരളത്തിന് ലഭിച്ച 2,597 കോടി രൂപ സംസ്ഥാനത്തിന്റെ വികസന-മൂലധന ചെലവുകൾക്ക് കൂടുതൽ പിന്തുണയാകുമെന്നാണ് പ്രതീക്ഷ.
