ചെന്നൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. നീറ്റ് യുജി ചോദ്യപ്പേപ്പർ ആവർത്തിച്ച് ചോർന്നതാണ് വിദ്യാർഥികളെ പ്രതിഷേധത്തിലേക്ക് നയിച്ചതെന്നും ഇതിന് ഉത്തരവാദികൾ ആരാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.
മുൻപ് നീറ്റ് പരീക്ഷയെ ശക്തമായി പിന്തുണച്ചിരുന്ന അണ്ണാമലൈ, ബിജെപി വിട്ടശേഷമാണ് ഇക്കാര്യത്തിൽ നിലപാട് മാറ്റിയത്. രാജ്യത്താകെ ഒരൊറ്റ പ്രവേശനപരീക്ഷ നടത്തുന്നത് തുല്യാവസരം ഉറപ്പാക്കുമെന്നും പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്നും വിശ്വസിച്ചാണ് നീറ്റിനെ പിന്തുണച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് തവണ നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർന്നതായി ചൂണ്ടിക്കാട്ടിയ അണ്ണാമലൈ, പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകർന്നിരിക്കുകയാണെന്ന് വിമർശിച്ചു. ചോർച്ചയുടെ പേരിൽ വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്ന വിദ്യാർഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദം ഗൗരവമായി കാണേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനാണ് അവർ തെരുവിലിറങ്ങിയതെന്നാണ് തന്റെ വിശ്വാസമെന്ന് അണ്ണാമലൈ പറഞ്ഞു. പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ ബിജെപി സർക്കാർ എന്തുകൊണ്ടാണ് ഇത്രയും വൈകുന്നതെന്നും പ്രതിഷേധം രൂക്ഷമാകുന്നതുവരെ അർഥപൂർണമായ ഇടപെടൽ നടത്താതിരുന്നതെന്തി നാണെന്നും അദ്ദേഹം ചോദിച്ചു. ഒടുവിൽ, “ഇനിയും എന്തിനാണ് സർക്കാർ കാത്തിരിക്കുന്നത്?” എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
