എറണാകുളം : സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദ് ആണ് പിടിയിലായത്. സംഭവ ശേഷം കർണാടകയിലേക്ക് കടന്നു കളഞ്ഞ പ്രതിയെ ഉഡുപ്പിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ജോഷിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണവും ആഭരണങ്ങളും ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ കാറും പോലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയായിരുന്നു ജോഷിയുടെ വീട്ടിൽ മോഷണം നടന്നത്. സംഭവത്തിന് പിന്നാലെ പ്രതിയുടെ മുഖം പതിഞ്ഞ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു പ്രതിയെ പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതിനിടെ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലാണ് പ്രതി രക്ഷപ്പെട്ടത് എന്ന വിവരവും പോലീസിന് ലഭിച്ചു. ഇതോടെ കർണാടക പോലീസിന് വിവരം കൈമാറുകയായിരുന്നു. കേരള പോലീസിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ കർണാടക പോലീസ് പിടികൂടി കേരള പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. മുംബൈയിൽ നിന്നും ഒറ്റയ്ക്ക് വാഹനം ഓടിച്ച് എത്തി പ്രതി മോഷണം നടത്തി കടന്നുകളയുകയായിരുന്നു എന്നാണ് സൂചന.