അഗ്നിവീറുകൾക്ക് ആശ്വാസം… സേവനകാലാവധി…

ന്യൂഡൽഹി : അഗ്നിപഥ് പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. അഗ്നിവീറുകളുടെ നാലുവർഷത്തെ സേവനകാലാവധി രണ്ടുവർഷം കൂടി നീട്ടി ആറുവർഷമാക്കി.

‘സെക്കൻഡ് ടൂർ ഓഫ് ഡ്യൂട്ടി’ എന്നറിയപ്പെടുന്ന പുതിയ സംവിധാനത്തിലൂടെ നാലുവർഷത്തെ സേവനം പൂർത്തിയാക്കുന്ന അഗ്നിവീറുകൾക്ക് ആറുവർഷം വരെ സേനയിൽ തുടരാനാകും. ആറുവർഷത്തെ സേവനത്തിനുശേഷം സേനയിൽ തുടരാൻ താൽപര്യവും യോഗ്യതയുമുള്ളവരെ സ്ഥിരം കേഡറിലേക്ക് ഉൾപ്പെടുത്തുന്നതിനും അവസരമുണ്ടാകും. സംയുക്ത സേനാ മേധാവി ജനറൽ എൻ.എസ്. രാജാ സുബ്രമണിയാണ് പുതിയ തീരുമാനത്തിന്റെ വിശദാംശങ്ങൾ അറിയിച്ചത്.

2022-ൽ ആരംഭിച്ച അഗ്നിപഥ് പദ്ധതിപ്രകാരം കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിലേക്ക് 17.5നും 21നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികളെയാണ് നാലുവർഷത്തെ നിശ്ചിത കാലാവധിയിൽ അഗ്നിവീറുകളായി നിയമിക്കുന്നത്. നിലവിലെ വ്യവസ്ഥയിൽ നാലുവർഷത്തെ സേവനത്തിനുശേഷം ഓരോ ബാച്ചിലെയും 25 ശതമാനം പേരെ മെറിറ്റ് അടിസ്ഥാനത്തിൽ സ്ഥിരം സേനയിലേക്ക് തിരഞ്ഞെടുക്കും. ശേഷിക്കുന്ന 75 ശതമാനം പേർ സേവനം അവസാനിപ്പിച്ച് സിവിലിയൻ ജീവിതത്തിലേക്ക് മടങ്ങണമെന്നായിരുന്നു വ്യവസ്ഥ.

പുതിയ തീരുമാനത്തോടെ ഈ 75 ശതമാനം വിഭാഗത്തിൽപ്പെടുന്ന അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി സേവനത്തിൽ തുടരാനുള്ള അവസരമാണ് ലഭിക്കുന്നത്. എന്നാൽ എല്ലാവർക്കും സ്വമേധയാ ആറുവർഷത്തെ സേവനം നിർബന്ധമാകില്ല. അധികകാലം തുടരുന്നതിനുള്ള വ്യവസ്ഥകളും തുടർന്ന് സ്ഥിരം സേനയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും പരിഗണിച്ചായിരിക്കും നടപടികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!