ക്ലാസ് മുറികളിൽ ഇനി ‘രഹസ്യങ്ങൾ’ ഇല്ല; സ്കൂളുകളിൽ സെക്‌സ് എഡ്യൂക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്രം

ന്യൂഡൽഹി : രാജ്യത്തെ സ്കൂളുകളിലും കോളേജുകളിലും ലൈംഗിക വിദ്യാഭ്യാസം (Sex Education) പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു.

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനും പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന ശാരീരിക-മാനസിക മാറ്റങ്ങളെക്കുറിച്ച് ശരിയായ അവബോധം നൽകുന്നതിനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം. സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിച്ചു.

സുപ്രീം കോടതിയുടെ അന്തിമ അനുമതി ലഭിച്ചാലുടൻ രാജ്യത്തുടനീളം ഈ ഏകീകൃത പദ്ധതി നടപ്പിലാക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് കേന്ദ്ര സർക്കാർ ഈ നിർണായക നിലപാട് വ്യക്തമാക്കിയത്.

കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള 26 അംഗ ദേശീയ വിദഗ്ധ സമിതി സമർപ്പിച്ച ശുപാർശകൾ സർക്കാർ പൂർണ്ണമായി അംഗീകരിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) പ്രതിനിധികൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, വിവിധ മന്ത്രാലയങ്ങളിലെയും സംസ്ഥാന സർക്കാരുകളിലെയും ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സമിതിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. പോക്സോ (POCSO) നിയമപ്രകാരം കൗമാരക്കാരുടെ പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭധാരണവുമായി ബന്ധപ്പെട്ട കേസുകളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഇതിന് തടയിടാൻ സുപ്രീം കോടതി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ഈ സമിതി രൂപീകരിച്ചത്.

ലൈംഗിക വിദ്യാഭ്യാസം കേവലം ജീവശാസ്ത്രപരമായ അറിവുകളിൽ ഒതുക്കാതെ, കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിരോധം കൂടിയാക്കി മാറ്റണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ.

പ്രാഥമിക വിദ്യാഭ്യാസം മുതൽ തന്നെ കുട്ടികൾക്ക് അവരുടെ ശരീരത്തെക്കുറിച്ചുള്ള അവബോധം, വ്യക്തിശുചിത്വം, സുരക്ഷിതമായ സ്പർശനവും അസുരക്ഷിതമായ സ്പർശനവും (Good Touch & Bad Touch) തിരിച്ചറിയാനുള്ള അറിവ് എന്നിവ നൽകണം. പ്രൈമറി തലം മുതൽ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരെക്കൊണ്ട് ആഴ്ചയിൽ രണ്ടുതവണ 15 മുതൽ 20 മിനിറ്റ് വരെയുള്ള നിർബന്ധിത ക്ലാസുകൾ ഇതിനായി മാറ്റിവെക്കണം.

നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) അനുസൃതമായി ഇതിനുള്ള പാഠ്യപദ്ധതിയും പഠനസാമഗ്രികളും തയ്യാറാക്കണമെന്നും നിർദ്ദേശമുണ്ട്. വിദ്യാർത്ഥികൾക്ക് പുറമെ രക്ഷിതാക്കൾക്കും കൃത്യമായ ബോധവൽക്കരണ ക്ലാസുകൾ നൽകും. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ക്ലാസുകൾ നൽകുന്നത്. കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തോടെ രാജ്യത്തുടനീളം കുട്ടികൾക്ക് സമഗ്രവും ശാസ്ത്രീയവുമായ രീതിയിൽ ഏകീകൃത ലൈംഗിക വിദ്യാഭ്യാസം ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!