കേരളത്തിലെ സ്വർണപ്പണയ സ്ഥാപനത്തിലേക്ക് ടാറ്റയുടെ വമ്പൻ ചുവടുവെപ്പ്; ‘യോഗക്ഷേമം ലോൺസ്’ ലിമിറ്റഡിനെ ഏറ്റെടുക്കുന്നു…

കൊച്ചി: കേരളത്തിൽ നിന്ന് വളർന്ന് ദക്ഷിണേന്ത്യയിലാകെ സാന്നിധ്യം നേടിയ സ്വർണപ്പണയ ധനകാര്യ സ്ഥാപനമായ യോഗക്ഷേമം ലോൺസ് ലിമിറ്റഡിനെ ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റാ ഗ്രൂപ്പ്.

പ്രമുഖ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റൽ, റിസർവ് ബാങ്ക് അംഗീകാരമുള്ള ഈ എൻബിഎഫ്‌സിയുടെ 88.6 ശതമാനം ഓഹരികളാണ് സ്വന്തമാക്കുന്നത്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തീരുമാനത്തിന് ടാറ്റാ ക്യാപിറ്റൽ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കേരളത്തിലെ ഒരു ചെറിയ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ദക്ഷിണേന്ത്യയിലെ ശ്രദ്ധേയമായ സ്വർണപ്പണയ കമ്പനിയായി വളർന്ന സ്ഥാപനമാണ് യോഗക്ഷേമം ലോൺസ്. 1991ൽ തൃശൂർ അന്തിക്കാട് ‘യോഗക്ഷേമം കുറീസ് ആൻഡ് ലോൺസ്’ എന്ന പേരിലാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 2000ൽ റിസർവ് ബാങ്കിന്റെ എൻബിഎഫ്സി ലൈസൻസ് ലഭിച്ചു. 2012ൽ കമ്പനി ‘യോഗക്ഷേമം ലോൺസ് ലിമിറ്റഡ്’ എന്ന പേരിലേക്ക് മാറുകയും സ്വർണപ്പണയ വായ്പകൾക്കും ചെറുകിട ബിസിനസ് വായ്പകൾക്കും കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തു.

സാധാരണക്കാരെയും ചെറുകിട സംരംഭകരെയും ലക്ഷ്യമിട്ടാണ് കമ്പനി പ്രധാനമായും പ്രവർത്തിക്കുന്നത്. നിലവിൽ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 160ലധികം ശാഖകളാണ് യോഗക്ഷേമം ലോൺസിനുള്ളത്. നിലവിലുള്ള ഉടമകളിൽ നിന്ന് ഓഹരികൾ ഏറ്റെടുക്കുന്നതിനൊപ്പം പുതിയ ഓഹരികൾ സമാഹരിച്ചുമാണ് ടാറ്റാ ക്യാപിറ്റൽ ഭൂരിപക്ഷ ഓഹരി പങ്കാളിത്തം ഉറപ്പാക്കുന്നത്.

ഇടപാട് പൂർത്തിയാകുന്നതോടെ യോഗക്ഷേമം ലോൺസ് ടാറ്റാ ക്യാപിറ്റലിന്റെ നിയന്ത്രണത്തിലുള്ള ഉപകമ്പനിയായി മാറും. കേരളത്തിൽ ശക്തമായ അടിത്തറയുള്ള ഒരു പ്രാദേശിക ധനകാര്യ സ്ഥാപനത്തെ രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ ഏറ്റെടുക്കുന്നത് ധനകാര്യ മേഖലയിലെ ശ്രദ്ധേയമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ഏറ്റെടുക്കൽ വാർത്ത പുറത്തുവന്നിട്ടും ടാറ്റാ ക്യാപിറ്റലിന്റെ ഓഹരികളിൽ വലിയ മുന്നേറ്റം ഉണ്ടായില്ല. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയായ 360.45 രൂപയിൽ നിന്ന് 0.80 ശതമാനം ഇടിഞ്ഞ് 357.55 രൂപയിലാണ് ഓഹരി വ്യാപാരം നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 1.51 ലക്ഷം കോടി രൂപയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!