ഹോളിവുഡ് സിനിമാലോകത്തിന് വലിയ നഷ്ടമായി പ്രശസ്ത നടൻ സാം നീൽ (78) വിടവാങ്ങി. ‘ജുറാസിക് പാർക്ക്’ പരമ്പരയിലെ ഡോ. അലൻ ഗ്രാന്റ് എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അദ്ദേഹം തിങ്കളാഴ്ച സിഡ്നിയിൽ അന്തരിച്ചതായി കുടുംബം ഔദ്യോഗികമായി അറിയിച്ചു.
2023-ൽ സ്റ്റേജ് ത്രീ ആൻജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ എന്ന അപൂർവ രക്താർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയനായിരുന്നു. പിന്നീട് അർബുദത്തെ അതിജീവിച്ചതായി സാം നീൽ തന്നെ പൊതുവേദികളിൽ വെളിപ്പെടുത്തിയിരുന്നു.
1947-ൽ വടക്കൻ അയർലൻഡിൽ ജനിച്ച സാം നീൽ ബാല്യത്തിൽ തന്നെ കുടുംബത്തോടൊപ്പം ന്യൂസിലാൻഡിലേക്ക് കുടിയേറി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ ഹോളിവുഡിലെ ശ്രദ്ധേയ താരമായി അദ്ദേഹം മാറി. ‘ജുറാസിക് പാർക്ക്’ പരമ്പരയ്ക്ക് പുറമെ ‘ദി പിയാനോ’, ‘ഡെഡ് കാം’, ‘ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ’ എന്നീ ചിത്രങ്ങളിലൂടെയും ‘പീക്കി ബ്ലൈൻഡേഴ്‌സ്’ ഉൾപ്പെടെയുള്ള ടെലിവിഷൻ പരമ്പരകളിലൂടെയും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ തലമുറകളുടെ പ്രിയതാരമായി മാറിയ നടനായിരുന്നു സാം നീലിൽ.
