വേമ്പനാട്ടുകായലിൽ കക്കാ കുറയുന്നു; കക്കാ വ്യവസായം പ്രതിസന്ധിയിൽ…

കോട്ടയം : വേമ്പനാട്ടുകായലിൽ കക്കായുടെ ഉത്പാദനം കുറഞ്ഞതോടെ വൈക്കം താലൂക്കിലെ കക്കാ വ്യവസായവും തൊഴിലാളികളും പ്രതിസന്ധിയിൽ. വേമ്പനാട്ട് കായലിൽനിന്ന് കക്കാവാരി ഉപജീവനം നടത്തിയിരുന്നവരിൽ ഭൂരിഭാഗം തൊഴിലാളികളും വലിയ സാമ്പത്തിക പ്രതിസന്ധിയിലുമാണ്. കായലിലെ കക്കയുടെ ലഭ്യത കുറഞ്ഞതാണ് തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിക്ക് കാരണം.

കായലിൽ കക്കയുടെ പ്രജനനം നടക്കാത്തതാണ് കക്കാ കുറയാൻ ഇടയാകുന്നതെന്ന് തൊഴിലാളികൾ പറയുന്നു. വളർച്ചയെത്താത മല്ലികക്കാ വാരുന്നതും കക്കായുടെ പ്രജനനത്തെ ബാധിക്കുന്നുണ്ട്. ഓരുവെള്ള സമയത്ത് ലാർവപോലെ വെള്ളത്തിന് മുകളിൽ പാടവീഴും. ഇത് കനംവെച്ച് അടിത്തട്ടിലേക്ക് വീഴുമ്പോഴാണ് കക്കായായി രൂപാന്തരപ്പെടുന്നത്. ഇത് നല്ല മണ്ണും ഒഴുക്കും കിട്ടുന്ന സ്ഥലത്ത് പെട്ടന്ന് വളരും. എന്നാൽ ഇപ്പോൾ രണ്ട് വർഷത്തിലധികമായി കക്കാ വീഴാതായിട്ടെന്നും തൊഴിലാളികൾ പറയുന്നു.

വേമ്പനാട്ട് കായലിലെ മലിനീകരണമാണ് കക്കയുടെ ഉത്പാദനം കുറയാൻ മറ്റൊരുകാരണം. വേമ്പനാട് കായലിലുള്ള ഖനനവും കക്കായുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതായും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ 15 പാട്ട വരെ കക്കാ പ്രതിദിനം കിട്ടിയിരുന്നു. ഇപ്പോൾ മൂന്ന് പാട്ട പോലും കിട്ടുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!