ലോസ് ആഞ്ജലിസ്: നിർണായക മത്സരങ്ങളിൽ അവസാന നിമിഷങ്ങളിൽ ടീമിന്റെ രക്ഷകനായി മാറുന്ന മിക്കെൽ മെറീനോ വീണ്ടും അത് ആവർത്തിച്ചു. ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ പകരക്കാരനായി ഇറങ്ങി രണ്ട് മിനിറ്റിനുള്ളിൽ വിജയഗോൾ നേടിയ മെറീനോയുടെ മികവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ച സ്‌പെയിൻ സെമിഫൈനലിലേക്ക് മുന്നേറി. സെമിയിൽ ഫ്രാൻസാണ് സ്പാനിഷ് ടീമിന്റെ എതിരാളി.
പോർച്ചുഗലിനെതിരായ പ്രീക്വാർട്ടറിൽ ഇൻജുറി ടൈമിൽ വിജയഗോൾ നേടി ടീമിനെ ക്വാർട്ടറിലെത്തിച്ച മെറീനോ, ബെൽജിയത്തിനെതിരെയും അതേ റോൾ ഏറ്റെടുത്തു. 86-ാം മിനിറ്റിൽ കളത്തിലെത്തിയ താരം 88-ാം മിനിറ്റിൽ നിർണായക ഗോൾ നേടി സ്‌പെയിനിന്റെ വിജയമുറപ്പിച്ചു. ഫാബിയാൻ റൂയിസാണ് സ്പാനിഷ് ടീമിന്റെ ആദ്യ ഗോൾ നേടിയത്. ബെൽജിയത്തിനായി ഷാർലസ് ഡി കെറ്റെലാറെ സമനില കണ്ടെത്തിയെങ്കിലും അത് ടീമിനെ രക്ഷിക്കാനായില്ല.
പോസഷൻ ഫുട്ബോളും വേഗമേറിയ ആക്രമണങ്ങളും സമന്വയിപ്പിച്ച പ്രകടനമാണ് സ്‌പെയിൻ പുറത്തെടുത്തത്. ആദ്യ പകുതിയിൽ തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത സ്പാനിഷ് സംഘം ബെൽജിയത്തെ പ്രതിരോധത്തിലേക്ക് ഒതുക്കി. മധ്യനിരയിൽ റോഡ്രിയുടെ കൃത്യമായ നിയന്ത്രണവും വലതുവശത്ത് ലമിൻ യമാലിന്റെ നിരന്തര മുന്നേറ്റങ്ങളും ബെൽജിയം പ്രതിരോധത്തിന് വലിയ വെല്ലുവിളിയായി.
30-ാം മിനിറ്റിൽ യമാലും പെഡ്രോ പോറോയും ചേർന്നൊരുക്കിയ മുന്നേറ്റത്തിലാണ് സ്‌പെയിൻ ലീഡ് നേടിയത്. ഡാനി ഓൽമോയുടെ ആദ്യ ശ്രമം തിബോ കോർട്ട്വാ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ട് പന്ത് ഫാബിയാൻ റൂയിസ് വലയിലെത്തിച്ച് സ്‌കോർ തുറന്നു.
എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നാല് മിനിറ്റ് ബാക്കി നിൽക്കെ ബെൽജിയം തിരിച്ചടിച്ചു. കെവിൻ ഡി ബ്രുയിനെയും ലിയാൻഡ്രോ ട്രോസാർഡിനെയും ഉൾപ്പെടുത്തിയ മനോഹരമായ നീക്കത്തിനൊടുവിൽ തിമോത്തി കസ്റ്റാന്യ നൽകിയ ക്രോസ് ഷാർലസ് ഡി കെറ്റെലാറെ ഹെഡറിലൂടെ ഗോളാക്കി. 649 മിനിറ്റുകൾക്ക് ശേഷമാണ് സ്‌പെയിൻ ഒരു ഗോൾ വഴങ്ങിയത്. ഈ ലോകകപ്പിൽ സ്പാനിഷ് ടീം വഴങ്ങിയ ആദ്യ ഗോളും ഇതായിരുന്നു.
രണ്ടാം പകുതിയിൽ സ്‌പെയിൻ ആക്രമണത്തിന്റെ തീവ്രത കൂട്ടി. യമാലിന്റെ ഷോട്ടുകൾ ഉൾപ്പെടെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും കോർട്ട്വായുടെ മികച്ച സേവുകളും ബെൽജിയത്തിന്റെ ഉറച്ച പ്രതിരോധവും ഗോൾ നിഷേധിച്ചു. പെഡ്രി, ഫെറാൻ ടോറസ്, നിക്കോ വില്യംസ് എന്നിവരുടെ വരവോടെ സ്പാനിഷ് ആക്രമണം കൂടുതൽ കരുത്താർജിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവുകൾ തിരിച്ചടിയായി.
അവസാനം മത്സരത്തിന്റെ വിധി മാറ്റിയത് വീണ്ടും മെറീനോ തന്നെ. പരിക്കേറ്റ കോർട്ട്വായ്ക്ക് പകരം കളത്തിലെത്തിയ സെന്നെ ലാമ്മെൻസിന് പാവു കുബാർസിയുടെ ഷോട്ട് കൈവശപ്പെടുത്താനാകാതെ വന്നതോടെ റീബൗണ്ട് പന്ത് മെറീനോ അനായാസം വലയിലാക്കി. ആ ഗോളോടെ സ്‌പെയിൻ സെമിയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു.
അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ബെൽജിയം ശക്തമായി ശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം പിഴച്ചില്ല. ഒരു ഘട്ടത്തിൽ ഗോൾകീപ്പർ ഉനായ് സിമോൺ സ്ഥാനം തെറ്റിയപ്പോഴും ഐമറിക് ലപോർട്ടെയുടെ നിർണായക ഇടപെടൽ സ്‌പെയിനെ രക്ഷപ്പെടുത്തി. ഒടുവിൽ മെറീനോയുടെ ഗോൾ വ്യത്യാസത്തിൽ വിജയിച്ച സ്പാനിഷ് സംഘം കിരീടപ്പോരാട്ടത്തിലേക്കുള്ള മറ്റൊരു ചുവടുകൂടി വിജയകരമായി പിന്നിട്ടു.
