ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ചാൽ കളി മാറും ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കയോട് ചൈന

ബീജിങ് : ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കരുതെന്നും ടിബറ്റ് ചൈനയുടെ ആഭ്യന്തര കാര്യമാണെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് തങ്ങളുടെ ആഭ്യന്തര പരമാധികാരത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും അമേരിക്കയോട് ചൈന കടുത്ത ഭാഷയിൽ ആവശ്യപ്പെട്ടു.

ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തിന് മുന്നിൽ ടിബറ്റൻ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി വാദിച്ച് ലോബഗ് രംഗ്‌സെൻ എന്ന ടിബറ്റൻ യുവാവ് തീക്കൊളുത്തി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം വീണ്ടും രൂക്ഷമായത്. യുവാവിന്റെ മരണത്തിന് പിന്നാലെ ടിബറ്റൻ ജനതയുടെ സാംസ്കാരികവും ഭാഷാപരവും മതപരവുമായ ഐഡന്റിറ്റി സംരക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവന ഇറക്കിയിരുന്നു.

ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയുമായും അദ്ദേഹത്തിന്റെ പ്രതിനിധികളുമായും ചൈന യാതൊരു മുൻവിധികളുമില്ലാതെ നേരിട്ട് ചർച്ചകൾ പുനരാരംഭിക്കണമെന്നും ടിബറ്റിന് അർത്ഥവത്തായ സ്വയംഭരണാവകാശം നൽകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഇതിന് മറുപടിയായാണ് ബീജിംഗിൽ നടന്ന വാർത്താസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പ് നൽകിയത്.

ടിബറ്റ് ചൈനയുടെ മാത്രം ആഭ്യന്തര വിഷയമാണെന്നും അതിൽ ഇടപെടാൻ മറ്റൊരു വിദേശ രാജ്യത്തിനും അവകാശമില്ലെന്നും മാവോ നിംഗ് വ്യക്തമാക്കി. ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന തങ്ങളുടെ മുൻകാല പ്രതിബദ്ധത പാലിക്കാൻ വാഷിംഗ്ടൺ തയ്യാറാകണമെന്നും ടിബറ്റൻ സ്വാതന്ത്ര്യവാദത്തെ ഒരു തരത്തിലും പിന്തുണയ്ക്കരുതെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ അടുത്തിടെ 91-ാം ജന്മദിനം ആഘോഷിച്ച ദലൈലാമയുമായി ചർച്ച നടത്തണമെന്ന അമേരിക്കയുടെ പ്രധാന ആവശ്യത്തോട് ചൈനീസ് വക്താവ് നേരിട്ട് പ്രതികരിക്കാൻ തയ്യാറായില്ല.

ചൈനീസ് ഭരണത്തിനെതിരായ 1959-ലെ പരാജയപ്പെട്ട ജനകീയ പ്രക്ഷോഭത്തിന് ശേഷം ഇന്ത്യയിലെ ധർമ്മശാലയിൽ അഭയാർത്ഥിയായി കഴിയുന്ന ദലൈലാമയെ സാംസ്കാരിക പ്രവർത്തനങ്ങളുടെ മറവിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന നേതാവായാണ് ബീജിംഗ് കണക്കാക്കുന്നത്. എന്നാൽ താൻ ടിബറ്റിന് പൂർണ്ണ സ്വാതന്ത്ര്യമല്ല, മറിച്ച് ചൈനയ്ക്ക് കീഴിൽ യഥാർത്ഥ സ്വയംഭരണാവകാശമാണ് ആഗ്രഹിക്കുന്നതെന്ന് നോബൽ സമ്മാന ജേതാവ് കൂടിയായ ദലൈലാമ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ മരണശേഷവും ദലൈലാമ എന്ന പദവി തുടരുമെന്നും തന്റെ പിൻഗാമിയെ കണ്ടെത്താനുള്ള പൂർണ്ണ അധികാരം ഗാഡൻ ഫോഡ്രാംഗ് ട്രസ്റ്റിനാണെന്നും പ്രഖ്യാപിച്ചുകൊണ്ട്, പിൻഗാമിയെ നിശ്ചയിക്കാനുള്ള ചൈനയുടെ അവകാശവാദങ്ങളെ അദ്ദേഹം അടുത്തിടെ പൂർണ്ണമായി തള്ളിക്കളഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!