12 കോടി പെട്ടിക്കടയിൽ വിറ്റ ടിക്കറ്റിന്; കാത്തിരിപ്പിൽ ലോട്ടറിവിൽപ്പനക്കാരി ജയയും

ആലപ്പുഴ: വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം വിറ്റു പോയിരിക്കുന്നത് ആലപ്പുഴ ജില്ലയിൽ. തൃക്കാർത്തിക എന്ന ഏജൻസിയിൽ നിന്നും അനിൽ കുമാർ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. ഇദ്ദേഹത്തിൽ നിന്നും ചില്ലറ വില്പനക്കാരി ജയ വാങ്ങി വിറ്റ ടിക്കറ്റിനാണ് 12 കോടി അടിച്ചിരിക്കുന്നത്. പത്തെണ്ണമുള്ള ഒരു ലോട്ടറി ബുക്കാണ് ജയ വാങ്ങിയത്. ഇതിൽ ഭൂരിഭാഗവും നാട്ടുകാർക്കാണ് വിറ്റതെന്നും പുറത്തുനിന്നുള്ള ചിലരും ടിക്കറ്റ് വാങ്ങിയിരുന്നുവെന്നും ജയ പറഞ്ഞു.

ആലപ്പുഴയിലെ പഴവീട് എന്ന സ്ഥലത്ത് പെട്ടിക്കടയിൽ ലോട്ടറി വിൽപ്പന ന‍ടത്തുന്ന ആളാണ് ജയ. “ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഓർമയില്ല. കഴിഞ്ഞ ആഴ്ചയാണ് ബമ്പർ ഞാൻ വിൽക്കാൻ ഇട്ടത്. അനിൽ കുമാറിന്റെ പക്കൽ നിന്നും പതിനെട്ടിനാണ് ഞാൻ ടിക്കറ്റ് വാങ്ങിയത്. ബമ്പറിന്റെ ഒരു ബുക്ക് മാത്രമെ എപ്പോഴും ഞാൻ വിൽക്കാറുള്ളൂ.

മുപ്പതിനായിരം രൂപയൊക്കെ ഞാൻ വിൽക്കുന്ന ടിക്കറ്റുകൾക്ക് അടിച്ചിട്ടുണ്ട്. ഇന്നലെയും കിട്ടിയിരുന്നു. ജനുവരി മുതൽ മിക്ക മാസവും മുപ്പതിനായിരം വച്ച് അടിക്കാറുണ്ട്. ഒരു ലക്കി കടയാണ്. എനിക്കൊരു പന്ത്രണ്ട് ലക്ഷത്തിന്റെ കടം ഉണ്ട്. വീടിന്റെ ലോൺ, മകന്റെ പഠിത്തത്തിന്റെ അങ്ങനെ കുറച്ച് ബാധ്യതകൾ. കഴിഞ്ഞ പതിനാറ് വർഷമായി ലോട്ടറി വിൽപ്പന നടത്തുന്നുണ്ട്”, എന്നാണ് ജയ പറഞ്ഞത്.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ BR 97 ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. പന്ത്രണ്ട് കോടിയാണ് വിഷു ബമ്പറിന്‍റെ ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് വീതം നല്‍കും.

10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് മറ്റ് സമ്മാനഘടനകള്‍. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതൽ ആണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!