ഭർത്താവ് ഗൾഫിൽ നിന്നും തിരിച്ചെത്തിയത് വിവാഹേതര ബന്ധത്തിന് തടസമായി; ഭാര്യ ടോയ്‌ലറ്റ് ക്ലീനർ കുത്തിവച്ച് കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റിൽ

നിസാമാബാദ് (തെലങ്കാന): ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യയെയും കാമുകനെയും ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. ഗൾഫിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ പ്രശാന്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രശാന്തിന്റെ ഭാര്യ സന്ധ്യ, ഇവരുടെ കാമുകൻ അനിൽ, സുഹൃത്ത് വെങ്കട് സായി എന്നിവരാണ് അറസ്റ്റിലായത്.

ഭാര്യ സന്ധ്യയുടെ വിവാഹേതര ബന്ധത്തിന് ഭർത്താവ് തടസമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് കൊലപാതക ഗൂഢാലോചന നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സന്ധ്യയുടെ കാമുകനായ അനിലും സുഹൃത്തായ വെങ്കട് സായി അഥവാ ബണ്ടിയും പദ്ധതിയിൽ പങ്കാളികളായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

ജൂൺ 29-ന് വെങ്കട് സായി പ്രശാന്തിനെ അമിതമായി മദ്യം കഴിപ്പിച്ച ശേഷം കെട്ടിടത്തിന്റെ ടെറസിലേക്ക് കൊണ്ടുപോയി താഴേക്ക് തള്ളിയിട്ടതായി അന്വേഷണത്തിൽ വ്യക്തമായി. ഗുരുതരമായി പരിക്കേറ്റെങ്കിലും പ്രശാന്ത് ജീവനോടെ രക്ഷപ്പെട്ടു. തുടർന്ന് സന്ധ്യയും വെങ്കട് സായിയും ചേർന്ന് ആദ്യം സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എന്നാൽ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ച പ്രശാന്തിനെ പിന്നീട് കൊല്ലാൻ പ്രതികൾ വീണ്ടും ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്. അനിലിന്റെ നിർദേശപ്രകാരം സന്ധ്യ, കാനുലയിലൂടെ ടോയ്‌ലറ്റ് ക്ലീനറും അനസ്‌തേഷ്യ മരുന്നും ശരീരത്തിലേക്ക് കുത്തിവച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് കട്ടിലിൽ നിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനിടെ വെങ്കട് സായി കുറ്റകൃത്യത്തിൽ തന്റെ പങ്ക് സമ്മതിച്ചതായും, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഴുവൻ ഗൂഢാലോചനയും പുറത്തുവന്നതെന്നും പൊലീസ് അറിയിച്ചു.

സന്ധ്യ, അനിൽ, വെങ്കട് സായി എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മൂന്ന് പ്രതികളെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!