ലഖ്‌നൗ: മഹാ കുംഭമേളയില്‍ മാല വില്‍പനയക്കെത്തി, സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ‘മൊണാലിസ’യ്ക്ക് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത സംവിധായകന്‍ സനോജ് മിശ്ര ബലാത്സംഗക്കേസില്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ വച്ചാണ് ഡല്‍ഹി പൊലീസ് സംവിധായകനെ അറസ്റ്റ് ചെ്യതത്. സിനിമയില്‍ മികച്ച അവസരം വാഗ്ദനംനല്‍കി തുടര്‍ച്ചയായി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് 28കാരിയായ മറ്റൊരു യുവതിയാണ് പരാതിക്കാരി.
2021 ജൂണ്‍ 18ന് ഒരു റിസോര്‍ട്ടില്‍ വച്ച് ലഹരി നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സനോജ് പരാതിക്കാരിയെ പരിചയപ്പെട്ടത്. ലഹരി നല്‍കി മയക്കിയശേഷം സനോജ് നഗ്‌ന ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു.
വിവാഹവാഗ്ദാനം ചെയ്ത് സനോജ് യുവതിയുമായി വീണ്ടും സൗഹൃദത്തിലായി. പിന്നീട് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും മൂന്നുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നുമാണ് പരാതി. ലിവ്ഇന്‍ റിലേഷന്‍ഷിപ് തുടങ്ങാമെന്നും സനോജ് യുവതിയോട് പറഞ്ഞിരുന്നു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞമാസം ഇരുവരും വേര്‍പിരിഞ്ഞു.
പൊലീസിനെ സമീപിച്ചാല്‍ സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് സംവിധായകന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതി പറയുന്നു. ലൈംഗിക പീഡനം, ഗര്‍ഭം അലസിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് സനോജ് കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയെ ഗര്‍ഭഛിദ്രം നടത്തിയതിന്റെ മെഡിക്കല്‍ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 48കാരനായ സംവിധായകനെതിരെ ബലാത്സംഗം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
പ്രയാഗ് രാജിലെ മഹാകുഭമേളയോട് അനുബന്ധിച്ച് മാല വില്‍ക്കാനെത്തിയ മോണി ഭോസ്ലെ എന്ന മൊണാലിസയുടെ ദൃശ്യങ്ങള്‍ ആരോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ഈ 16-കാരി വൈറലായത്. ചാരക്കണ്ണുകളും ചിരിയും സുന്ദരമാണെന്നും അഭിപ്രായങ്ങളുയര്‍ന്നു. ‘ബ്രൗണ്‍ ബ്യൂട്ടി’ എന്നും വിശേഷിപ്പിക്കപ്പെട്ടു.