സക്ഷമ സംസ്ഥാന വാര്‍ഷിക
യോഗം കോട്ടയത്ത്

കോട്ടയം: ഇരുപത്തിയൊന്ന് വിഭാഗം ഭിന്നശേഷിയുള്ളവരുടേ ക്ഷേമത്തിനായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്‍ @ സക്ഷമയുടെ ഈ വര്‍ഷത്തെ വാര്‍ഷികയോഗം കോട്ടയം തെള്ളകത്തുള്ള ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ 28, 29 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാന സമിതി യോഗം ആരംഭിക്കും. സക്ഷമ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍ ആര്‍ മേനോന്‍ അധ്യക്ഷനാകും.  ഉച്ചകഴിഞ്ഞ് മൂന്നിന് എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന വാര്‍ഷിക പൊതുയോഗം ആരംഭിക്കും. സക്ഷമ ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഉമേഷ് അന്തര പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സക്ഷമ ചെയ്ത വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് അതിന്റെ അടിസ്ഥാനത്തില്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.

ഭിന്നശേഷി അവകാശ നിയമം പൂര്‍ണ്ണമായി നടപ്പാക്കുന്നതിനും പൊതുവിടങ്ങളും, കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനും വേണ്ട സത്വര നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് പ്രഖ്യാപിച്ച 4% ജോലി സംവരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയും, ഭിന്നശേഷിയുള്ളവര്‍ക്ക് നല്‍കി വന്ന കുടുംബപെന്‍ഷന്‍ വരുമാനപരിധി നിശ്ചയിച്ച് നിഷേധിക്കാനുള്ള ഉത്തരവിനെതിരെയും സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.

ജില്ലാതലം മുതലുള്ള പ്രവര്‍ത്തകരാണ് ഈ ദ്വിദിന വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുന്നത്.
പ്രതിനിധി സമ്മേളനത്തില്‍ സക്ഷമ ദേശീയ ഉപാധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണന്‍, കേരളം തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളുടെ ചുമതലയുള്ള ക്ഷേത്രീയ സംഘടനാ സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ സക്ഷമ സംസ്ഥാന സംഘടനാ സെക്രട്ടറി പി. സുഭാഷ്, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ബാലചന്ദ്രന്‍ മന്നത്ത്, ജനറല്‍ കണ്‍വീനര്‍ ഒ ആര്‍ ഹരിദാസ്, കോട്ടയം ജില്ലാ പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍ എന്നിവര്‍  പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!