സിനിമ മേഖലയിൽ അനാവശ്യമായി BJPയെ വലിച്ചിഴക്കരുത്; സിനിമാ മുഖം മൂടിവച്ച രാഷ്ട്രീയക്കാർ മാന്യത പാലിക്കണം – എസ് സുരേഷ്

തിരുവനന്തപുരം ::സിനിമ മേഖലയിൽ അനാവശ്യമായി ബിജെപിയെ വലിച്ചിഴക്കരുതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്.

സിനിമ മേഖലയിൽ ഇരിക്കുന്ന സിനിമാ മുഖം മൂടിവച്ച രാഷ്ട്രീയക്കാർ മാന്യത പാലിക്കണം. പ്രതികരിച്ചു തുടങ്ങിയാൽ പലരുടെയും മുഖംമൂടി പിച്ചിചീന്തപ്പെടുമെന്നും എസ് സുരേഷ് പറഞ്ഞു.

സിനിമ മേഖലയിൽ അനാവശ്യമായി ബിജെപിയെ വലിച്ചിഴക്കാൻ ശ്രമം നടത്തുന്നവർക്കെതിരെ ശക്തമായ പ്രതിഷേധം ബിജെപി രേഖപ്പെടുത്തുന്നു വെന്ന് അദേഹം പറഞ്ഞു.

ഇടനിലക്കാരെ വച്ച് കോടികൾ കൊടുത്ത് ആളുകളെ വശത്താക്കേണ്ട ഗതികേട് ബിജെപിക്കില്ല. സിനിമ-സാഹിത്യ- സാംസ്കാരിക മേഖലകളിലുള്ളവർ ബിജെപിയോടൊപ്പം നിൽക്കുന്നത് ദേശീയതയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള താല്പര്യമാണെന്ന് അദേഹം പറഞ്ഞു.

നീചമായ ആരോപണം ഉന്നയിച്ച് അവരെ അവഹേളിക്കാൻ ശ്രമിക്കരുതെന്നും ശ്വേതാ മേനോൻ ബിജെപി പ്രതിനിധിയായല്ല അമ്മയുടെ പ്രസിഡന്റ് ആയതെന്നും എസ് സുരേഷ് പറഞ്ഞു.

കോടികൾ തൃണവൽഗണിച്ചാണ് സുരേഷ് ഗോപി ദേശീയതയ്ക്ക് ഒപ്പം നിൽക്കുന്നത്. അവരെ അപമാനിക്കാൻ ആര് ശ്രമിച്ചാലും അത് വെച്ചുപൊറുപ്പിക്കില്ല. ശ്വേതാ മേനോൻ ദേശീയവാദിയാണ്, നരേന്ദ്രമോദിയുടെ ഭക്തയാണ്, എന്നാൽ ബിജെപിക്കാരി അല്ലെന്ന് സുരേഷ് പറഞ്ഞു.

മലയാള സിനിമ പ്രവർത്തകരുടെ സംഘടനയായ ‘അമ്മ’ പിടിച്ചടക്കാൻ ശ്രമിക്കുന്നുവെന്ന്ത് വ്യാജ പ്രചാരണമാണ്.
അമ്മ പിടിച്ചെടുക്കാൻ സിപിഐഎം വിട്ട ആളാണ് ഇന്നസെന്റ് എന്ന് ബിജെപി ഒരിക്കലും പറഞ്ഞില്ലല്ലോയെന്ന് എസ് സുരേഷ് ചോദിച്ചു.

രമേഷ് പിഷാരടി അഡ്ഹോക് കമ്മിറ്റിയുടെ ചുമതലക്കാരനായി വന്നപ്പോൾ കോൺഗ്രസ് പുറം വാതിലിലൂടെ അമ്മ പിടിച്ചടക്കാൻ ശ്രമം നടത്തുന്നുവെന്ന് ബിജെപി പറഞ്ഞില്ല. ഞങ്ങൾ പ്രതികരിച്ചു തുടങ്ങിയാൽ പലരുടെയും മുഖംമൂടി പിച്ചിചീന്തപ്പെടും. ബിജെപിയെ ഇത്തരം മേഖലകളിൽ വലിച്ചിഴയ്ക്കരുത്. സിനിമ വേഷധാരികളായ രാഷ്ട്രീയക്കാരാണ് ഇതിൽ ബിജെപിയെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!