വ്രതാനുഷ്ഠാനങ്ങളോടെ പിതൃബലി അര്‍പ്പിച്ച് ലക്ഷങ്ങള്‍, ആലുവ മണപ്പുറത്ത് വന്‍ തിരക്ക്

ആലുവ : കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും അടുത്ത പകലുമാണ് ശിവരാത്രി മഹോത്സവം. ഉപവാസവും ഉറക്കം ഒഴിയുന്നതുമാണ് ആചാരങ്ങൾ. പാലാഴി മഥനത്തിനിടെ പൊങ്ങിവന്ന കാളകൂടവിഷം ലോക രക്ഷയ്ക്കായി പരമശിവന്‍ കുടിച്ചു. എന്നാല്‍ വിഷം വയറ്റിലെത്താതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും പുറത്ത് പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപിടിച്ചു. വിഷം ശിവന്റെ കഴുത്തിൽ അടിഞ്ഞുകൂടി ശിവൻ നീലകണ്ഠൻ ആയി. ഭഗവാന് ആപത്തുണ്ടാകാതെ പാർവതീയും മറ്റുളളവരും ഉറക്കമൊഴിച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി.

പിതൃമോക്ഷം തേടി പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ആയിരങ്ങളാണ് ശിവരാത്രി ദിനത്തിൽ പിതൃതർപ്പണം നടത്തുന്നത്. ആലുവ മണപ്പുറത്താണ് കേരളത്തിൽ പ്രധാനമായും ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്. ബുധനാഴ്ച രാത്രി 10 മണി മുതൽ തുടങ്ങിയ ബലിതർപ്പണ ചടങ്ങുകൾ വ്യാഴാഴ്ച വൈകീട്ട് വരെ നീളും. 116 ബലിത്തറകളാണ് ആലുവയില്‍ ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. ഏഴ് ലക്ഷം പേർ ഇത്തവണ ബലിതർപ്പണത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബലിതർപ്പണത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 1500 പൊലീസുകാരെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. പൊലീസിന്റെ മുഴുവൻ സമയ കൺട്രോൾ റൂമും വാച്ച് ടവറും പ്രവർത്തിക്കുന്നുണ്ട്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനാ അംഗങ്ങളും മണപ്പുറത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!