കൊച്ചി : വരുമാനമില്ലാത്തതിനാൽ ഉച്ചസമയത്തെ സർവീസ് താൽക്കാലികമായി നിർത്തിവെച്ച സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പിന്റെ വക ‘അയ്യായിരത്തി അഞ്ഞൂറിന്റെ’ പണി. പെർമിറ്റ് ലംഘനം ആരോപിച്ച് എറണാകുളം മാഞ്ഞാലി – ആലുവ റൂട്ടിലോടുന്ന ‘ലിറ്റിൽ ഫ്ലവർ’ എന്ന ബസിനാണ് എംവിഡി 7,500 രൂപ പിഴ ചുമത്തിയത്.
സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി അറിഞ്ഞിട്ടും ഉദ്യോഗസ്ഥർ ദ്രോഹിക്കുകയാണെന്ന് ബസ് ഉടമയും ജീവനക്കാരും ഒരേസ്വരത്തിൽ കുറ്റപ്പെടുത്തുന്നു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെ മുൻപ് വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ച ആളാണ് ഈ ബസ് ഉടമ. പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്റെ ബസിൽ പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകിയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതിഷേധം.
ഇപ്പോൾ ഉച്ചയ്ക്ക് രണ്ടരയ്ക്കുള്ള സർവീസാണ് നിർത്തിവെച്ചത്. ആ സമയത്തെ കനത്ത നഷ്ടം താങ്ങാനാകാതെ വന്നതോടെയാണ് സർവീസ് നിർത്തിവെച്ചത്. ബസ് നിർത്തിയിടുന്നത് കണ്ടാണ് എംവിഡി പിഴ ചുമത്തിയത്. സാഹചര്യം പോലും പരിഗണിക്കാതെയാണ് എംവിഡി ഈ ചതി ചെയ്തതെന്നും ബസ് ഉടമ പറഞ്ഞു.
എംവിഡി ഉദ്യോഗസ്ഥനെ വിളിച്ച് ഗതികേട് കൊണ്ടാണ് എന്ന് വിശദീകരിച്ചു. എന്നാൽ, ഓൺലൈനിൽ പരാതി ലഭിച്ചു എന്നായിരുന്നു വിശദീകരണം.
