ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി; യുസിസി ബിൽ നിയമസഭയിൽ വെള്ളിയാഴ്ച അവതരിപ്പിക്കും

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് വിരാമമിട്ട് അധികാരത്തിലെത്തിയ ബിജെപി സർക്കാർ, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പിലേക്ക്. ബജറ്റ് സമ്മേളനത്തിനിടെ വെള്ളിയാഴ്ച യുസിസി ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ പ്രത്യയശാസ്ത്ര ചർച്ചകൾക്കും ഏറ്റുമുട്ടലുകൾക്കും തുടക്കമാകും.

വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം തുടങ്ങിയ കുടുംബനിയമങ്ങളിൽ മതാടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങൾക്ക് പകരം എല്ലാ പൗരന്മാർക്കും ഒരേ നിയമം ബാധകമാക്കുകയെന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. നിയമത്തിനു മുന്നിൽ സമത്വം ഉറപ്പാക്കാനുള്ള നടപടിയെന്നാണ് ബിജെപി ഇതിനെ വിശേഷിപ്പിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറക്കിയ ‘സങ്കൽപ്പ് പത്ര’യിൽ അധികാരത്തിലെത്തി ആറുമാസത്തിനകം ബംഗാളിൽ യുസിസി നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. അന്നുതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കുന്ന പരിഷ്കാരമായാണ് യുസിസിയെ അവതരിപ്പിച്ചത്.

വെള്ളിയാഴ്‌ച തന്നെ ബിൽ സഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. ഗുജറാത്ത്, ഉത്തരാഖണ്ഡ്, അസം എന്നീ ബിജെപി ഭരണ സംസ്ഥാനങ്ങളിൽ പിന്തുടർന്ന നടപടിക്രമം തന്നെയാകും ബംഗാളിലും സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹികവും നിയമപരവുമായ പ്രത്യാഘാതങ്ങൾ പരിഗണിച്ച് ഭരണഘടനാപരമായ എല്ലാ നടപടിക്രമങ്ങളും പാലിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഭരണഘടനാപരമായ സംരക്ഷണമുള്ള പട്ടികവർഗ വിഭാഗങ്ങളെ യുസിസിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യ വ്യക്തമാക്കി. അവരുടെ ആചാരങ്ങളും പാരമ്പര്യങ്ങളും പ്രത്യേക അവകാശങ്ങളും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ യുസിസിയുടെ ഭാഗമാണെന്ന പ്രചാരണവും അദ്ദേഹം തള്ളി.

ബില്ലിനെതിരെ ശക്തമായ പ്രതിഷേധത്തിനാണ് തൃണമൂൽ കോൺഗ്രസ് ഒരുങ്ങുന്നത്. പാർട്ടി എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗത്തിൽ, നിയമസഭയ്ക്കകത്തും പുറത്തും ബില്ലിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കാൻ മമത ബാനർജി നിർദേശം നൽകി. ഭരണഘടനാ മൂല്യങ്ങൾ, മതേതരത്വം, സാമൂഹിക സമ്മതം എന്നിവയെ അവഗണിച്ചുള്ള രാഷ്ട്രീയ നീക്കമാണ് യുസിസിയെന്നാണ് ടിഎംസിയുടെ ആരോപണം.

യുസിസിയെ നിയമപരിഷ്കാരത്തിനല്ല, രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള ഉപകരണമായാണ് ബിജെപി ഉപയോഗിക്കുന്നതെന്നും ടിഎംസി നേതാക്കൾ വിമർശിച്ചു. വിഷയത്തിൽ വ്യാപകമായ പൊതുചർച്ചയും സമൂഹത്തിന്റെ അഭിപ്രായശേഖരണവും അനിവാര്യമാണെന്ന് മമതയുടെ നേതൃത്വത്തെ വിമർശിക്കുന്ന വിമതനേതാവ് ഋതബ്രത ബാനർജിയും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!