സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം… 11 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്…

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. ഇന്ന് കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതിയ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നേരത്തെ ആറ് ജില്ലകളിൽ മാത്രമായിരുന്ന ഓറഞ്ച് അലേർട്ടാണ് ഇപ്പോൾ 11 ജില്ലകളിലേക്ക് വ്യാപിപ്പിച്ചത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലേർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം തന്നെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊച്ചി കാക്കനാട് കളക്ടറേറ്റ് വളപ്പിൽ വലിയ മരം കടപുഴകി വീണു. വൈകുന്നേരം മൂന്നുമണിയോടെ യായിരുന്നു സംഭവം. കളക്ടറേറ്റ് കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ വാഹന വകുപ്പിന്റെ കാറിന് മുകളിലേക്കാണ് മരം വീണത്. അപകടത്തിൽ വാഹനത്തിന് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കളക്ടറേറ്റ് പ്രധാന കവാടത്തിന് സമീപത്തെ കുടുംബശ്രീ ടീ ഷോപ്പിനോട് ചേർന്നുള്ള മരമാണ് റോഡിന് കുറുകെ വീണത്. തൃക്കാക്കരയിൽ നിന്നെത്തിയ ഫയർഫോഴ്‌സും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ചേർന്നാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ജൂലൈ 2 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന. ശക്തമായ ഇടിമിന്നലിനും അതോടൊപ്പം തന്നെ കനത്ത കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിർദ്ദേശിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പുലർത്തണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!