കൊച്ചി: കെഎസ്ആര്‍ടിസി സ്ത്രീകള്‍ക്കായുള്ള ‘പ്രിയദര്‍ശിനി’ സൗജന്യ യാത്ര ആരംഭിച്ച ശേഷം പല ജില്ലകളിലും സര്‍വീസുകള്‍ മുടങ്ങുന്നതായി പരാതി.
എറണാകുളം ബോട്ട് ജെട്ടി സ്റ്റാന്‍ഡില്‍ നിന്ന് വരാപ്പുഴ – പറവൂര്‍ – കൊടുങ്ങല്ലൂര്‍ വഴി ഗുരുവായൂരിലേക്കും പൊന്നാനിയിലേക്കും സര്‍വീസ് നടത്തുന്ന പ്രിയദര്‍ശിനി ബസുകള്‍ പതിവായി ട്രിപ്പ് മുടക്കുന്നതായി യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. വൈകിട്ട് മൂന്ന് മണിക്ക് ശേഷമുള്ള തിരക്കേറിയ സമയത്താണ് സര്‍വീസുകള്‍ കൂടുതലായും റദ്ദാക്കപ്പെടുന്നതെന്നാണ് പരാതി.
ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, പൊന്നാനി ഡിപ്പോകളിലെ ബസുകളാണ് ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്. ജോലിക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ഈ സര്‍വീസുകളെ ആശ്രയിക്കുന്നത്. സാധാരണ 10 മുതല്‍ 20 മിനിറ്റ് വരെ ഇടവേളകളില്‍ ബസുകള്‍ ലഭിക്കാറുണ്ടെ ങ്കിലും അടുത്തിടെയായി പല സര്‍വീസുകളും മുന്നറിയിപ്പില്ലാതെ റദ്ദാക്കപ്പെടുന്നതായി യാത്രക്കാര്‍ ആരോപിക്കുന്നു. ഇതുമൂലം മണിക്കൂറുകളോളം ബസ് കാത്തുനില്‍ക്കേണ്ട സാഹചര്യമാണുള്ളത്.
സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് ശേഷം യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ സര്‍വീസ് മുടക്കങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുന്നുണ്ട്. യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ കെഎസ്ആര്‍ടിസി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
