കൊച്ചി : വൈറ്റിലയിൽ അപകടാവസ്ഥയിലായ 26 നിലകളുള്ള ആർമി ഫ്ലാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള നീക്കങ്ങൾക്ക് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്. കുറഞ്ഞ തുകയ്ക്ക് ടെണ്ടർ സമർപ്പിച്ചിട്ടും തങ്ങളെ ഒഴിവാക്കിയെന്ന് കാണിച്ച് ചെന്നൈ ആസ്ഥാനമായ ‘പികെ യൂണിക്’ കമ്പനി നൽകിയ ഹർജിയിലാണ് കോടതി നടപടി. കുറഞ്ഞ ടെണ്ടർ തുക നൽകിയ തങ്ങളെെ ഒഴിവാക്കിയെന്നും നിയമപരമല്ല നടപടിയെന്നുമാണ് കമ്പനിയുടെ വാദം.
ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കാൻ സിംഗിൾ ബഞ്ചിന് ഹൈക്കോടതി നിർദ്ദേശം നൽകി. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ പൊളിക്കൽ പാടില്ലെന്നും അനുബന്ധ പ്രവർത്തനങ്ങളുമായി ജില്ലാ ഭരണകൂടത്തിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. എഡിഫെയ്സ് എന്ന വിദേശ കമ്പനിയ്ക്കാണ് പൊളിക്കലിനുള്ള കരാർ നൽകിയത്. കമ്പനിയുടെ പ്രവൃത്തി പരിചയം കണക്കിലെടുത്തായിരുന്നു നടപടി. നേരത്തെ മരട് ഫ്ലാറ്റുകൾ പൊളിച്ച കമ്പനിയാണ് എഡിഫെയ്സ്.
