കോട്ടയം: പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന രീതിയില്‍ വിവരാവകാശ നിയമം വകുപ്പ് നാലു പ്രകാരം ഓഫീസുകളില്‍ വിവരങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടോയെന്ന് വിവരാവകാശ കമ്മിഷന്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം. ദിലീപ്.
കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല, വിവരം ലഭ്യമല്ല എന്നീ നിലകളില്‍ അപേക്ഷകര്‍ക്ക് മറുപടി നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്ന തരത്തില്‍ ഓഫീസുകളില്‍ വിവരം സൂക്ഷിക്കേണ്ട ബാധ്യത ഓഫീസ് മേധാവിക്കുണ്ട്. സമയബന്ധിതമായി പൗരന്മാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള ബാധ്യത പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓഫീസുകളില്‍ രേഖകള്‍ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷനെ അധികാരപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ ജില്ലാ കളക്ട്രേറ്റുകള്‍, ഡയറക്ടറേറ്റുകള്‍, ജില്ലാതല ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. അദാലത്തില്‍ പരിഗണിച്ച 16 കേസുകളും കമ്മീഷന്‍ പരിഹരിച്ചു.
