മഫ്തിയിൽ വന്ന പൊലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം; 4 ഉദ്യോഗസ്ഥർക്കെതിരെ…

കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട യുവാവിനെ മർദ്ദിച്ച് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കോടതി.

കുണ്ടറ പോലീസ് സ്റ്റേഷനിലെ മുൻ എസ്എച്ച്ഒ യും സർക്കിൾ ഇൻസ്പെക്‌ടറുമായിരുന്ന രതീഷ്, സബ് ഇൻസ്പെക്ടർ അമ്പരീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, മനു എന്നിവരുൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി -I ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്‌ത് സമൻസ് അയയ്ക്കാൻ ഉത്തരവിട്ടത്. കരിക്കോട് സ്വദേശി സനിലാൽ ആണ് പരാതിക്കാരൻ. 2023 മാർച്ച് 13-ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം.

കരിക്കോട് ടികെഎം ആർട്ട്സ് ആൻറ് സയൻസ് കോളേജിന് സമീപമുള്ള ഒരു വീട്ടിൽ സബ്-ഇൻസ്പെക്ടർ അമ്പരീഷും, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അരുണും, മനുവും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് മഫ്‌തിയിൽ അപ്രതീക്ഷിതമായി കയറിച്ചെന്നു. ഇവരെ കണ്ട് വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ ഭയന്ന് നിലവിളിച്ചു.

അവിടേക്കെത്തിയ സിനിലാൽ, ഇവർ പോലീസ് ഉദ്യോഗസ്ഥരാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ യുവാവിനെ സംഘം ക്രൂരമായി മർദ്ദിച്ചു. ശേഷം അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്‌തുവെന്നായിരുന്നു പരാതി.

ഉദ്യോഗസ്ഥർ തങ്ങളുടെ അധികാര പരിധി ലംഘിച്ച് മറ്റൊരു പോലീസ് സ്റ്റേഷൻ പരിധിയിൽ നിയമപരമായ അധികാരമോ ഔദ്യോഗിക ചുമതലയോ ഇല്ലാതെ പ്രവർത്തിച്ചതായും, പൗരൻ ആവശ്യപ്പെട്ടിട്ടും ഔദ്യോഗിക തിരിച്ചറിയൽ രേഖ കാണിക്കാൻ തയ്യാറാകാതിരുന്നത് അധികാരദുരുപയോഗത്തിന്റേയും നിയമലംഘനത്തിൻ്റെയും ഭാഗമാണെന്നും സ്വകാര്യ അന്യായത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!