ദുബായ്: പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ കാലാവസ്ഥാ പ്രതിഭാസം 2026-ന്റെ രണ്ടാം പകുതിയിൽ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയുടെ കാലാവസ്ഥയെ ഗണ്യമായി സ്വാധീനിക്കുമെന്നാണ് മുന്നറിയിപ്പ്. ജൂലൈ മുതൽ നവംബർ വരെയുള്ള കാലയളവിൽ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത 98 ശതമാനമാണെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പസഫിക് സമുദ്രത്തിൻ്റെ മധ്യ-കിഴക്കൻ ഉഷ്‌ണമേഖലാ മേഖലകളിലെ സമുദ്രോപരിതല ജലത്തിൻ്റെ താപനില സാധാരണയേക്കാൾ ഉയരുമ്പോഴാണ് എൽ നിനോ രൂപപ്പെടുന്നത്. രണ്ട് മുതൽ ഏഴ് വർഷം വരെയുള്ള ഇടവേളകളിൽ സ്വാഭാവികമായി സംഭവിക്കുന്ന ഈ പ്രതിഭാസം ആഗോള കാലാവസ്ഥാ ചക്രങ്ങളെ സ്വാധീനിക്കുകയും വിവിധ പ്രദേശങ്ങളിൽ അതിതീവ്ര കാലാവസ്ഥാ സാഹചര്യങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
എൽ നിനോയുടെ സ്വാധീനഫലമായി യുഎഇയിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയും വർധിച്ച ഈർപ്പവും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി വർധിക്കുകയും വേനൽക്കാല അസ്വസ്ഥതകൾ കൂടുതൽ രൂക്ഷമാവുകയും ചെയ്യാം. അതേസമയം, വർഷാവസാനത്തോടടുക്കുമ്പോൾ കൂടുതൽ മഴയും ഇടിമിന്നലോടുകൂടിയ അസ്ഥിര കാലാവസ്ഥയും അനുഭവപ്പെടാനുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ചരിത്രപരമായി എൽ നിനോ സജീവമായ വർഷങ്ങളിൽ അറബിക്കടലിലും അറേബ്യൻ ഉപദ്വീപിലുമുള്ള കാലാവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ശരത്കാല മാസങ്ങളിൽ ശക്തമായ മഴ, ഇടിമിന്നൽ, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ പതിവായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
യുഎഇയിൽ എൽ നിനോയുടെ സ്വാധീനം നേരിട്ടല്ലെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ വ്യക്തമായി അനുഭവപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അഭിപ്രായപ്പെട്ടു. ഗൾഫ് മേഖലയിലാകെ ശരാശരിയേക്കാൾ ഉയർന്ന ചൂടും തീരദേശ മേഖലകളിൽ കനത്ത ഈർപ്പവും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വർഷാവസാനത്തോടെ അറബിക്കടലിൽ തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങൾക്കും എൽ നിനോ സാഹചര്യം അനുകൂലമാക്കാം. ഒമാൻ, യെമൻ ഉൾപ്പെടെയുള്ള മേഖലകളെ ബാധിക്കുന്ന ശക്തമായ ചുഴലിക്കാറ്റുകളുടെ സാധ്യത വർധിക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാൽ ചുഴലിക്കാറ്റുകളുടെ രൂപീകരണം സമുദ്ര താപനിലയടക്കമുള്ള നിരവധി ഘടകങ്ങളെ ആശ്രയിക്കുന്നതി നാൽ എൽ നിനോ മാത്രം അതിന് കാരണമാകില്ലെന്നും അവർ വ്യക്തമാക്കുന്നു.
