കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ ഭീതിക്ക് പിന്നാലെ ഷിഗെല്ല രോഗബാധയും സ്ഥിരീകരിച്ചു. പയ്യോളി മുനിസിപ്പാലിറ്റിയിലെ തച്ചൻകുന്നിലാണ് മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചത്. പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ പരിശോധനാ ഫലം ഇന്നലെയാണ് പുറത്തുവന്നത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടിലെ മറ്റ് അംഗങ്ങൾക്ക് രോഗബാധയില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പ്രദേശത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. ഇതോടെ കോഴിക്കോട് ജില്ലയിൽ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. അതേസമയം, കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
രോഗബാധിതനുമായി സമ്പർക്കത്തിലുണ്ടായിരുന്ന 77 പേരുടെ പട്ടികയാണ് നിലവിൽ തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളുമാണ്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ രണ്ടുപേർ അതീവ റിസ്‌ക് വിഭാഗത്തിലും, 13 പേർ ഹൈ റിസ്‌ക് വിഭാഗത്തിലുമാണുള്ളത്. 62 പേർ റിസ്‌ക് കുറഞ്ഞ വിഭാഗത്തിലാണ്. നിലവിൽ സമ്പർക്കപ്പട്ടികയിലുള്ള ആർക്കും തന്നെ രോഗലക്ഷണങ്ങളില്ല എന്നത് ആശ്വാസകരമാണ്.
കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തുവിട്ട റൂട്ട് മാപ്പ് പ്രകാരം രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിൽ മാത്രമാണ് രോഗബാധയുണ്ടായ സമയത്ത് രോഗി സന്ദർശനം നടത്തിയിരുന്നത്. രോഗിക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ. രോഗി ജോലി ചെയ്തിരുന്ന ഗോഡൗണിൽ പരിശോധന നടത്തിയെങ്കിലും വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ വീട്ടുവളപ്പിൽ നിന്ന് വീണുകിടന്ന സപ്പോട്ട പഴം കഴിച്ചിരുന്നതായി രോഗി വെളിപ്പെടുത്തിയിട്ടുണ്ട്. വവ്വാലുകൾ കടിച്ച ഈ പഴത്തിൽ നിന്നാകാം വൈറസ് ബാധിച്ചതെന്ന നിഗമനത്തിലാണ് നിലവിൽ ആരോഗ്യവകുപ്പുള്ളത്.
