ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം… മൂന്ന് ഇന്ത്യക്കാരെ കാണാതായി, കപ്പലിലുണ്ടായിരുന്നത് ഭൂരിഭാഗവും മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ

ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലിന് നേരെയുണ്ടായ ശക്തമായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ‘സെറ്റെബെല്ലോ’ എന്ന ഇന്ധന ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സൊഹാർ തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. കപ്പലിലെ ആകെ 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കാണാതായ മൂന്ന് ഇന്ത്യക്കാർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി ഒമാൻ അധികൃതരുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നിരന്തരം ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ട്. ഒമാനിലെ ഇന്ത്യൻ എംബസി നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

മേഖലയിൽ അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. വാണിജ്യ ഷിപ്പിംഗും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ സ്വതന്ത്രവും തടസ്സമില്ലാത്തതുമായ നാവിഗേഷനും കപ്പൽ വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതുണ്ട്. മേഖലയിലെ സംഘർഷങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!