ഫുട്‌ബോള്‍ ലോകം ഏറെക്കാലമായി കാത്തിരിക്കുന്ന പോരാട്ടമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള ഏറ്റുമുട്ടല്‍. ലോക ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടായി ആധിപത്യം പുലര്‍ത്തുന്ന മെസി-റൊണാള്‍ഡോ യുഗത്തിന്റെ അവസാന അധ്യായമായി 2026 ലോകകപ്പ് മാറിയേക്കും. ഇത്തവണത്തെ ഫിഫ ലോകകപ്പില്‍ ഇരുവരും അവസാനമായി ഒരേ വേദിയില്‍ ഏറ്റുമുട്ടാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ജെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് അര്‍ജന്റീനയും കെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് പോര്‍ച്ചുഗലും എത്തിയാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടും. രണ്ട് ടീമുകളും അവരവരുടെ ഗ്രൂപ്പുകളില്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് മത്സരങ്ങള്‍ ജയിച്ചാല്‍ അവര്‍ക്ക് റൗണ്ട് ഓഫ് 16ല്‍ ഏറ്റുമുട്ടാം. എന്നാല്‍ ഒരു ടീം അവരുടെ ഗ്രൂപ്പില്‍ വിജയിക്കുകയും മറ്റേ ടീം രണ്ടാം സ്ഥാനത്തും എത്തുന്നുവെങ്കില്‍ അവര്‍ക്ക് ഫൈനലില്‍ മാത്രമേ നേരിട്ടുള്ള പോരാട്ടത്തിന് സാധ്യതയുള്ളൂ. ലോകകപ്പിലെ ആദ്യ പോരാട്ടം ആതിഥേയ രാജ്യങ്ങളില്‍ ഒന്നായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്.
വലിയ മാറ്റങ്ങളോടെയാണ് അമേരിക്കയും മെക്‌സിക്കോയും ഇത്തവണത്തെ ലോകകപ്പിന് കാനഡയും ആതിഥ്യമരുളുന്നത്. കൂടുതല്‍ ടീമുകളും മത്സരങ്ങളുമാണ് പ്രധാനപ്രത്യേകത. ജൂലായ് 19നാണ് ഫൈനല്‍. ക്രൊയേഷ്യയും ബെല്‍ജിയവും മൊറോക്കോയും ഇത്തവണ കറുത്തകുതിരകളാകാന്‍ ശേഷിയുള്ളവരാണ്. സെനഗലും ഘാനയും ഈജിപ്തും ഉള്‍പ്പടെയുള്ളവരാണ് ആഫ്രിക്കന്‍ കരുത്തരാകുന്നത്. ജപ്പാനും ദക്ഷിണകൊറിയയും സൗദിയും ഇറാനും ഇറാഖുമാണ് ലോകകപ്പിലെ ഏഷ്യന്‍ പ്രതീക്ഷകള്‍.
ട്രയോണ്ട എന്ന പന്തിന്റെ ചലനങ്ങളാകും ഇനി കായികലോകത്തിന്റെ ചങ്കിടിപ്പ്.മെസിയുടേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും നെയ്മറുടേയും ലൂക്കാ മൊഡ്രിച്ചിന്റേയുമൊക്കെ കരിയറിലെ അവസാന ലോകകപ്പായിരിക്കും ഇത്. മെസിയുടെ കിരീടസ്വപ്നം നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തറില്‍ സഫലമായിരുന്നു. ക്രിസ്റ്റ്യാനോയ്ക്ക് ഇത്തവണ ആ ഭാഗ്യമുണ്ടാകുന്നതിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ശ്രദ്ധിക്കപ്പെടാന്‍ പ്രാപ്തിയുള്ള സ്പാനിഷ് കൗമാര പ്രതിഭ ലാമിന്‍ യമാലടക്കം ഒരുപിടി അരങ്ങേറ്റക്കാരുമുണ്ട്.
