ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ വലിയ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് കോൺഗ്രസ്-ഡിഎംകെ സഖ്യം തകർന്നു. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ ചേരുന്ന ‘ഇന്ത്യ’ (INDIA) സഖ്യത്തിന്റെ നിർണായക യോഗത്തിൽ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് (X) പാർട്ടി ഈ തീടുമാനം വ്യക്തമാക്കിയത്.
തമിഴ്നാട്ടിൽ വിജയ്‌യുടെ പാർട്ടിയായ ടിവികെയെ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പിന്തുണച്ചതാണ് ഡിഎംകെ നേതാക്കളെ പ്രകോപിപ്പിച്ചത്. എക്‌സിലൂടെ പങ്കുവെച്ച പ്രസ്താവനയിലാണ് ഡിഎംകെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്. ഇതിനോടകംതന്നെ പാർലമെന്റിൽ പ്രത്യേക ഇരിപ്പിടം വേണമെന്ന ഡിഎംകെ എംപിമാരുടെ ആവശ്യം പ്രതിപക്ഷ ഐക്യത്തിന് വൻ തിരിച്ചടിയായിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ ടിഎംസിയും ആം ആദ്മി പാർട്ടിയും ആഭ്യന്തര പ്രശ്‌നങ്ങളാൽ സഖ്യത്തിൽനിന്ന് അകലം പാലിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ബിജെപിക്കെതിരെ ഒന്നിച്ചുനിൽക്കാൻ ലക്ഷ്യമിടുന്ന സഖ്യത്തിന് ദക്ഷിണേന്ത്യയിലെ ഈ പ്രധാന കക്ഷിയുടെ പിന്മാറ്റം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായിരുന്നിട്ടും തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ നടൻ വിജയ്‌യുടെ ടിവികെയെ പിന്തുണയ്ക്കാനുള്ള കോൺഗ്രസിന്റെ തീരുമാനമാണ് ഈ അകൽച്ചയ്ക്ക് പ്രധാന കാരണം. കോൺഗ്രസിന്റേത് ‘വഞ്ചനയും പിന്നിൽനിന്നുള്ള കുത്തുമാണ്’ എന്നാണ് ഡിഎംകെ നേതാക്കൾ പരസ്യമായി ആരോപിച്ചത്. രാഷ്ട്രീയ ലാഭത്തിനായി പതിറ്റാണ്ടുകൾ നീണ്ട പങ്കാളിത്തം കോൺഗ്രസ് ഉപേക്ഷിച്ചുവെന്നാണ് അവരുടെ വാദം.
ഈ തർക്കം പാർലമെന്റിലേക്കും വ്യാപിച്ചിരുന്നു. കോൺഗ്രസുമായുള്ള വേർപിരിയലിന് ശേഷമുള്ള ‘മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ’ ചൂണ്ടിക്കാട്ടി ഡിഎംകെ എംപിമാർക്ക് പ്രത്യേക ഇരിപ്പിടങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപി കനിമൊഴി ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതിയത് വലിയ വാർത്തയായിരുന്നു. ഇന്ത്യ സഖ്യത്തിലെ തകർച്ചയുടെ ആദ്യത്തെ ഔദ്യോഗിക പ്രതിഫലനമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരായ സംയുക്ത തന്ത്രങ്ങൾ ചർച്ചചെയ്യുന്നതിനും വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങൾക്ക് മുന്നോടിയായി പ്രതിപക്ഷ ഏകോപനം ശക്തിപ്പെടുത്തുന്നതിനുമായാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ഈ മാസം എട്ടിന് യോഗം ചേരുന്നത്. കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ നടക്കാൻ സാധ്യതയുള്ള ഈ യോഗത്തിൽ ഏകദേശം 15 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്
പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിനും തമിഴ്നാട്ടിലെ ഡിഎംകെക്കും നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. ഭൂരിഭാഗം എംഎൽഎമാരും നേതൃത്വത്തിനെതിരെ കലാപം ഉയർത്തുന്നതിനിടയിലും മമത ബാനർജിയും ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഈ യോഗത്തിൽ പങ്കെടുക്കും എന്നാണ് സ്രോതസ്സുകൾ സൂചിപ്പിക്കുന്നത്.
ബംഗാളിൽ ടിഎംസി നേതാക്കൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ മമത ബാനർജി യോഗത്തിൽ ഉന്നയിക്കാനും സഖ്യകക്ഷികളുടെ പിന്തുണ തേടാനും സാധ്യതയുണ്ട്. ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരും യോഗത്തിൽ പങ്കെടുത്തേക്കും.
എന്നാൽ, ആം ആദ്മി പാർട്ടി നേരത്തെതന്നെ ഇന്ത്യ സഖ്യത്തിൽനിന്ന് പരസ്യമായി അകലം പാലിച്ചിട്ടുള്ളതിനാൽ അവർ ഈ യോഗത്തിൽ പങ്കെടുക്കില്ല. സംസ്ഥാനങ്ങളിലുടനീളം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സമവാക്യങ്ങൾക്കിടയിലും സമീപകാല തിരഞ്ഞെടുപ്പ് തിരിച്ചടികളെത്തുടർന്ന് സഖ്യത്തിനുള്ളിലുണ്ടായ പുതിയ ആശങ്കകൾക്കിടയിലും പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കാനുള്ള ശ്രമമായാണ് ഈ ഒത്തുചേരലിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
