ന്യൂഡല്‍ഹി : ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലെക്‌സ് ഫ്യൂവല്‍ കാര്‍ വിപണിയില്‍ അവതരിപ്പിച്ച് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. മാരുതിയുടെ ജനപ്രിയ മോഡലായ വാഗണ്‍ ആറിന്റെ പുതിയ വകഭേദമായി വാഗണ്‍ ആര്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ എന്ന പേരിലാണ് പുതിയ കാര്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതിന്റെ വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വാഹനം പുറത്തിറക്കിയത്.
2024-ന്റെ തുടക്കത്തില്‍ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് വാഗണ്‍ ആര്‍ ഫ്‌ലെക്‌സ് ഫ്യൂവല്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഇപ്പോള്‍ ഇത് ഉല്‍പ്പാദന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ പുതിയ ഇന്ധന സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായ രീതിയില്‍ കാറിന്റെ നിലവിലുള്ള പെട്രോള്‍ എന്‍ജിനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത് വഴി E20 മുതല്‍ E85 വരെയുള്ള എഥനോള്‍ മിശ്രിതങ്ങളില്‍ ഈ കാറിന് ഓടാന്‍ സാധിക്കും. 85 ശതമാനവും എഥനോള്‍ കലര്‍ന്ന ഇന്ധനത്തില്‍ വാഹനം ഓടും എന്ന് സാരം. ഇതില്‍ 15 ശതമാനം മാത്രമായിരിക്കും പെട്രോളിന്റെ അളവ്. പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്.
ഈ സാങ്കേതികവിദ്യ വ്യാപകമാകുന്നതിലേക്ക് നേരിടുന്ന പ്രധാന വെല്ലുവിളി ഫ്‌ലെക്‌സ് ഫ്യൂവലിന്റെ ലഭ്യത കുറവാണ്. നിലവില്‍, ഡല്‍ഹി- എന്‍സിആര്‍ മേഖലയിലും മുംബൈ-നാഗ്പൂര്‍ കോറിഡോറിലുമായി വെറും 50 മുതല്‍ 100 വരെ സ്ഥലങ്ങളില്‍ മാത്രമാണ് ഇത്തരം ഇന്ധന പമ്പുകള്‍ ലഭ്യമായിട്ടുള്ളത്. എന്നാല്‍ 2027 അവസാനത്തോടെ രാജ്യത്തുടനീളം 5,000 ഇന്ധന ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുക എന്ന വലിയ ലക്ഷ്യമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
