തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി ഭരണപക്ഷമായ എൽ.ഡി.എഫിൽ സി.പി.ഐ നിലപാട് കടുപ്പിക്കുന്നു.
പ്രതിപക്ഷ ഉപനേതൃസ്ഥാനം തങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ നിയമസഭാ കക്ഷിയിലെ മറ്റ് യാതൊരുവിധ ചുമതലകളും ഏറ്റെടുക്കില്ലെന്നാണ് സി.പി.ഐയുടെ കർശന നിലപാട്. ഈ തീരുമാനം സി.പി.ഐ നേതൃത്വം സി.പി.ഐ.എമ്മിനെ ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. പദവി ലഭിക്കാതെ സംയുക്ത പാർലമെന്ററി പാർട്ടി യോഗത്തിലും സി.പി.ഐ പങ്കെടുക്കില്ല. തർക്കം രൂക്ഷമായതിനെ തുടർന്ന് എൽ.ഡി.എഫ് നിയമസഭാ കക്ഷി യോഗം ഇതുവരെ ചേരാൻ സാധിച്ചിട്ടില്ല
അതേസമയം, എൽ.ഡി.എഫ് നിയമസഭാ കക്ഷി ഉപനേതാവ് പദവിയിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. മുന്നണിയിൽ പലപ്പോഴും ഈ പദവി ഉണ്ടായിട്ടുള്ളതാണെന്നും വിഷയത്തിൽ സി.പി.ഐ.എമ്മുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തർക്കത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്നും അത് പരിഹരിക്കാനുള്ള രാഷ്ട്രീയ വ്യക്തത ഇരുപാർട്ടികൾക്കുമുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
