തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരം ഏറ്റെടുത്തതിനു പിന്നാലെ എക്സൈസ് നയത്തിൽ മാറ്റം വരുത്തുന്നു. വെള്ളിയാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രി എം. ലിജു ഇത് സംബന്ധിച്ച് നിർണായക വിവരങ്ങൾ നൽകി.
പുതിയ നയത്തിന്‍റെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതു സംബന്ധിച്ച് സർക്കാർ പഠനം നടത്തും. എക്സൈസ് നയം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ശിപാർശകളും നിർദ്ദേശങ്ങളും എഴുതി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയെ കൂടുതൽ ജനകീയമാക്കും. ഇതിനൊപ്പം എക്സൈസ് വകുപ്പിനെ ആധുനികവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു. അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ വകുപ്പിന് ലഭ്യമാക്കും.
കൂടാതെ വകുപ്പിൽ നിലവിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കും. ലഹരിവസ്തുക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
