ന്യൂഡൽഹി : ബിജെപിയുടെ ദേശീയ-സംസ്ഥാന തലങ്ങളിൽ ഉടൻ തന്നെ വ്യാപക പുനഃസംഘടന നടക്കാനൊരുങ്ങുന്നതായി സൂചന. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ജൂൺ മധ്യത്തോടെ പുതിയ ദേശീയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിൽ നിന്ന് കെ. സുരേന്ദ്രൻ ഉൾപ്പെടെ നിരവധി നേതാക്കൾക്ക് ദേശീയ തലത്തിൽ പുതിയ ചുമതലകൾ ലഭിക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്നു. നിലവിൽ എ.പി. അബ്ദുള്ളക്കുട്ടി, അനിൽ ആന്റണി എന്നിവരാണ് കേരളത്തിൽ നിന്നുള്ള ദേശീയ ഭാരവാഹികൾ.
അതേസമയം ശോഭാ സുരേന്ദ്രൻ, ജോർജ് കുര്യൻ, പത്മജ വേണുഗോപാൽ എന്നിവരുടെ പേരുകളും പുതിയ പട്ടികയിൽ പരിഗണനയിലുണ്ടെന്നാണ് വിവരം.
സംസ്ഥാന അധ്യക്ഷ പദവി ഒഴിയുന്ന നേതാക്കൾക്ക് ദേശീയ തലത്തിൽ ചുമതല നൽകുന്ന പതിവ് തുടരുകയാണെങ്കിൽ കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായി നിയമിക്കാനാണ് സാധ്യത. ശോഭാ സുരേന്ദ്രനെ മഹിളാ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയാക്കുന്നതും പരിഗണനയിലുണ്ടെന്നാണ് സൂചന.
രാജ്യസഭാ കാലാവധി അവസാനിക്കാനിരിക്കുന്ന ജോർജ് കുര്യന് ന്യൂനപക്ഷ മോർച്ചയുടെ ദേശീയ അധ്യക്ഷനോ ജനറൽ സെക്രട്ടറിയോ എന്ന നിലയിൽ പുതിയ ഉത്തരവാദിത്വം ലഭിക്കാം. അതേസമയം അനിൽ ആന്റണിയോ അനൂപ് ആന്റണിയോ രാജ്യസഭയിലേക്ക് പരിഗണിക്കപ്പെടുമെന്ന വിലയിരുത്തലും സജീവമാണ്. കേന്ദ്ര മന്ത്രിസഭാ വികസനം നടന്നാൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിത്തത്തിലും മാറ്റമുണ്ടാകാമെന്നാണ് സൂചന. നിലവിൽ രാജ്യസഭാംഗമായ സി. സദാനന്ദൻ കേന്ദ്ര മന്ത്രിസഭയിലെത്തുമെന്ന അഭ്യൂഹങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇതിനിടെ സംസ്ഥാന ഘടകത്തിലും അഴിച്ചുപണി ഉറപ്പായതായി വിലയിരുത്തപ്പെടുന്നു. ചില ജില്ലാ പ്രസിഡന്റുമാരെയും സംസ്ഥാന ഭാരവാഹികളെയും മാറ്റുന്ന കാര്യത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയതായാണ് വിവരം.
തിരുവനന്തപുരം നോർത്ത്, എറണാകുളം സിറ്റി, കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ്, പത്തനംതിട്ട, പാലക്കാട് ഈസ്റ്റ്, മലപ്പുറം ഈസ്റ്റ്, കോഴിക്കോട് റൂറൽ, തൃശ്ശൂർ നോർത്ത്, തൃശ്ശൂർ സിറ്റി, ആലപ്പുഴ നോർത്ത് ജില്ലകളിലെ അധ്യക്ഷന്മാരുടെ സ്ഥാനമാറ്റം പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.
ഇരട്ടപ്പദവികൾ അനുവദിക്കില്ലെന്ന പാർട്ടി നയം കാരണം തിരുവനന്തപുരം മേയറായ വി.വി. രാജേഷ് സംസ്ഥാന സെക്രട്ടറി പദവി ഒഴിയേണ്ടി വന്നേക്കും. ശോഭാ സുരേന്ദ്രൻ ദേശീയ നേതൃത്വത്തിലേക്ക് മാറിയാൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തും ഒഴിവുണ്ടാകും. അനൂപ് ആന്റണി രാജ്യസഭയിലെത്തിയാൽ ആ സ്ഥാനത്തേക്ക് ഷോൺ ജോർജ് എത്തിയേക്കും.
പുനഃസംഘടനാ ചർച്ചകൾ സജീവമായതോടെ വിവിധ ജില്ലകളിലെ നേതാക്കൾ തങ്ങളുടെ പ്രവർത്തന നേട്ടങ്ങളുടെ കണക്കുകളുമായി സംസ്ഥാന നേതൃത്വത്തെ സമീപിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
