കൊച്ചി: സിനിമാ ലോകത്തെ ഒന്നടങ്കം നടുക്കിക്കൊണ്ട് താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര കലഹങ്ങൾ തെരുവ് യുദ്ധത്തിലേക്ക്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും നടി അൻസിബ ഹസൻ രാജി വെച്ചതിന് പിന്നാലെ സംഘടനയ്ക്കുള്ളിലെ ചേരിപ്പോരും ജാതിവിവേചനവും പരസ്യമായിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ ‘അമ്മ’യിലെ ചില പ്രമുഖർക്കെതിരെ കടുത്ത ആരോപണങ്ങളുമായി പ്രശസ്ത നിർമ്മാതാവ് ആലപ്പി അഷ്‌റഫ് രംഗത്തെത്തിയിരിക്കുന്നു.
സഹപ്രവർത്തകയായ ഒരു നടി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ അവളോടൊപ്പം നിൽക്കാതെ വേട്ടക്കാരനെ സംരക്ഷിച്ച വർക്ക് കാലം കരുതിവെച്ച കാവ്യനീതിയാ ണ് ഇപ്പോൾ സംഘടനയിൽ നടക്കുന്ന തെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
അന്ന് ആ നടിയുടെ കണ്ണുനീര് കാണാതെ പോയവരാണ് ഇപ്പോൾ പരസ്പരം ചെളിവാരിയെറിയുന്നതെന്നും ആലപ്പി അഷ്‌റഫ് പരിഹസിച്ചു.
എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അൻസിബയോട് തുടക്കം മുതൽ ചില ഭാരവാഹികൾക്ക് കടുത്ത എതിർപ്പുണ്ടായിരുന്നുവെന്ന് ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തുന്നു. അതിന് കാരണം അൻസിബയുടെ കുറ്റങ്ങളല്ല, മറിച്ച് അവൾ ജനിച്ച ജാതിയാണെന്നാണ് നിർമ്മാതാവിന്റെ ആക്ഷേപം.
അവിടെ തുടങ്ങിയ വേർതിരിവാണ് പിന്നീട് അൻസിബയ്ക്ക് നേരെ ‘ജിഹാദി’, ‘തീവ്രവാദി’, ‘മതം മാറ്റം നടത്തുന്നവൾ’ എന്നിങ്ങനെയുള്ള ആക്ഷേപങ്ങളായി ഉയർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഭരണസമിതികളുടെ കാലത്തൊന്നും ഇല്ലാത്ത വിധം ജാതീയവും മതപരവുമായ ചേരിതിരിവാണ് ഇപ്പോൾ സംഘടനയിൽ നടക്കുന്നതെന്നും ആരോപണമുണ്ട്.
ഭാരവാഹിയായ ടിനി ടോം തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന ഗുരുതര പരാതിയാണ് അൻസിബ ഉന്നയിച്ചിരിക്കുന്നത്. ടിനി തന്നെ ‘ജിഹാദി’ എന്ന് വിളിച്ചുവെന്നും, മറ്റ് നടന്മാരുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചുവെന്നും അൻസിബ പറഞ്ഞിരുന്നു.
‘അമ്മ’യുടെ ഒരു പരിപാടിക്കായി വെണ്ണല ക്ഷേത്രം 70 ലക്ഷം രൂപ സ്പോൺസർ ചെയ്യാൻ മുന്നോട്ടുവന്നപ്പോൾ, ഒരു മതസംഘടനയിൽ നിന്നും അത്രയും വലിയ തുക സ്പോൺസർഷിപ്പ് സ്വീകരിക്കുന്ന തിനെ അൻസിബ എതിർത്തിരുന്നു. ഇതാണ് ടിനി ടോമുമായുള്ള പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്നും, നടി ലക്ഷ്മിപ്രിയ ഇതിന് കൂട്ടുനിന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
നടി നീന കുറുപ്പിന്റെ പരാതിയിലും ടിനി ടോം ഒരു സ്ത്രീയോട് പറയാൻ പാടില്ലാത്ത അസഭ്യവർഷം നടത്തിയതായി വ്യക്തമാക്കുന്നുണ്ടെന്ന് ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാട്ടി. എന്നിട്ടും ഈ വ്യക്തിയെ ന്യായീകരിക്കാൻ സംഘടനയിലെ ചില സ്ത്രീകൾ തന്നെ മുന്നോട്ടുവരുന്നത് നാണക്കേടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പണം തട്ടിപ്പ്, കുടുംബ കലഹം, അസഭ്യം പറയൽ, അവിഹിത ബന്ധങ്ങൾ, തൊഴിൽ പീഡനം, കയ്യാങ്കളി, പണം കൈയിട്ട് വാരൽ തുടങ്ങി ഒന്നിന് പുറകെ ഒന്നായി ചീഞ്ഞ് നാറുന്ന പ്രശ്നങ്ങളാണ് ‘അമ്മ’യിൽ ഇപ്പോൾ പൊട്ടിത്തെറിച്ചുകൊണ്ടിരി ക്കുന്നത്. പരാതി പറയുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തി ആക്രമിക്കുകയും കുറ്റവാളികളായ പുരുഷന്മാരെ സംരക്ഷിക്കുകയും ചെയ്യുന്ന പഴയ പ്രവണത ഇപ്പോഴും തുടരുകയാണെന്നും, ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് ഉണ്ടാകേണ്ടതെന്നും സിനിമാ മേഖലയിലെ ഒട്ടേറെപ്പേർ ആവശ്യപ്പെടുന്നു
