മദ്യപാനത്തിനിടെ തര്‍ക്കം, ആസിഡ് ഒഴിച്ചു, കണ്ണില്‍ അടക്കം പൊള്ളലേറ്റ യുവാവ് വെന്റിലേറ്ററില്‍; അമ്മാവന്‍ അറസ്റ്റില്‍

പത്തനംതിട്ട: ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ബന്ധു പിടിയില്‍. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പില്‍ വീട്ടില്‍ വര്‍ഗീസ് മാത്യുവിനാണ് (38) മുഖത്തും ശരീരത്തിലും പൊള്ളലേറ്റത്. അമ്മാവനും അയല്‍വാസിയുമായ പുതുപറമ്പില്‍ വീട്ടില്‍ ബിജു വര്‍ഗ്ഗീസിനെ (55) ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച വര്‍ഗീസ് മാത്യുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്ററില്‍ കഴിയുന്ന യുവാവിന്റെ നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു.

കൂലിപ്പണിക്കാരായ ഇരുവരും ദിവസവും ജോലി കഴിഞ്ഞെത്തി ഒരുമിച്ചിരുന്നു മദ്യപിക്കാറുണ്ട്. പതിവുപോലെ കഴിഞ്ഞദിവസം രാത്രിയും മദ്യപിച്ചു. അതിനിടെ വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ രാത്രി 10.30ന് ബിജു വര്‍ഗീസ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് വര്‍ഗീസിനു നേരെ ഒഴിക്കുകയായിരുന്നു.വായിലും കണ്ണിലും മുഖത്തും അരയ്ക്കു മുകളിലും ആസിഡ് വീണാണ് വര്‍ഗീസിനു പൊള്ളലേറ്റത്.

കണ്ണു കാണാന്‍ പറ്റാത്ത അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. നേരത്തേയും ബിജു തന്റെ മകനെ ആക്രമിച്ചിട്ടുണ്ടെന്നും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇപ്പോഴത്തെ ആക്രമണമെന്നും വര്‍ഗീസിന്റെ അമ്മ ആലീസ് പൊലീസിനോടു പറഞ്ഞു. ആക്രമണത്തിനു ശേഷം സ്ഥലം വിട്ട ബിജുവിനെ പിന്നീട് കല്ലേലിമുക്കില്‍ നിന്നാണു പൊലീസ് പിടികൂടിയത്. സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!