നീറ്റ് പരീക്ഷയിൽ ഇനി കളി നടക്കില്ല…. കാവലായി പ്രതിരോധ സേന; ധർമേന്ദ്ര പ്രധാന്റെ നിർണ്ണായക വെളിപ്പെടുത്തൽ

ന്യൂഡൽഹി : ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് രാജ്യവ്യാപകമായി റദ്ദാക്കിയ നീറ്റ് യുജി പരീക്ഷ വീണ്ടും നടത്തുമ്പോൾ കടുത്ത സുരക്ഷാ മുൻകരുതലുകളുമായി കേന്ദ്രസർക്കാർ. വരാനിരിക്കുന്ന പുനപ്പരീക്ഷയുടെ ചോദ്യപേപ്പർ വിതരണത്തിനായി രാജ്യത്തെ പ്രതിരോധ സേനയുടെ, പ്രത്യേകിച്ച് ഇന്ത്യൻ വായുസേനയുടെ സഹായം തേടാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.

കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമന്ത്രി ധർമേന്ദ്ര പ്രധാൻ ഒരു പ്രമുഖ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.

വരുന്ന ജൂൺ 21-നാണ് രാജ്യവ്യാപകമായി നീറ്റ് യുജി പുനപ്പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. മേയ് മൂന്നാം തീയതി നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ വ്യാപകമായി ചോർന്നത് വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇനിയൊരു വീഴ്ചയും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ വ്യോമസേനയെ രംഗത്തിറക്കാൻ സർക്കാർ തീരുമാനിച്ചത്.

ജജൂൺ മാസത്തിലെ രാജ്യത്തെ പ്രവചനാതീതമായ കാലാവസ്ഥ, പരീക്ഷാ കേന്ദ്രങ്ങളിലെ സുരക്ഷാ ഭീഷണികൾ തുടങ്ങി വിവിധ ഘടകങ്ങൾ മുൻനിർത്തിയാണ് ചോദ്യപേപ്പർ സുരക്ഷിതമായി എത്തിക്കാൻ വായുസേനയുടെ സഹായം തേടുന്നതെന്ന് മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.

നേരത്തെ രാജ്യത്തെ തപാൽ വകുപ്പ് വഴിയായിരുന്നു ചോദ്യപേപ്പർ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്തിരുന്നത്. എന്നാൽ ഇനി മുതൽ തപാൽ വകുപ്പിനൊപ്പം വായുസേനയുടെ പ്രത്യേക വിമാനങ്ങളും ഹെലികോപ്റ്റ റുകളും കൂടി ഇതിനായി ഉപയോഗപ്പെടു ത്തും. ഇത് ചോദ്യപേപ്പർ അതീവ സുരക്ഷി തമായും ഒട്ടും സമയം വൈകാതെയും കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ സഹായിക്കും.

ഇത്തവണ പരീക്ഷ പൂർണ്ണമായും സുതാര്യമായും സുഗമമായും നടത്തുന്നതിന് കേന്ദ്ര സർക്കാർ എല്ലാ രീതിയിലും സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും പരീക്ഷാ സുരക്ഷ ശക്തമാക്കുന്നതിനുമായി കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിൽ അതീവ പ്രാധാന്യമുള്ള ഒരു ഉന്നതതല യോഗം ചേർന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, കമ്യൂണിക്കേഷൻസ് വകുപ്പുമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് ഈ യോഗത്തിൽ പങ്കെടുത്തത്.

പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ പഴുതുകൾ അടയ്ക്കുന്നതിനെക്കുറിച്ച് മൂന്ന് മന്ത്രാലയങ്ങളുടെയും തലവന്മാർ വിശദമായി ചർച്ച ചെയ്തു. ഈ യോഗത്തിലാണ് ചോദ്യപേപ്പർ വിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ വായുസേനയുടെ സേവനം കൂടി ഉപയോഗപ്പെടുത്താമെന്ന നിർണ്ണായക നിർദേശം ഉയർന്നുവെന്നതും കേന്ദ്രം അത് അംഗീകരിച്ചതും. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നിർണ്ണയിക്കുന്ന പരീക്ഷയായതിനാൽ ഇത്തവണ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നാണ് സർക്കാർ കേന്ദ്രങ്ങൾ നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!