തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരിക്കുമ്പോഴും പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്ന അനില്‍ കുമാര്‍, അന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അകമ്പടി സേവിച്ചിരുന്ന എസ്‌കോര്‍ട്ട് സംഘത്തില്‍ ഉണ്ടായിരുന്ന സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനവുമായി’ ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രത്യേക അന്വേഷണസംഘം ഇ-മെയിലായി കൈമാറിയ റിപ്പോര്‍ട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍െപ്പടെയുള്ളവര്‍ മര്‍ദിച്ചത് ചട്ടവിരുദ്ധമാണെന്നു വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിഷേധക്കാരെ ലോക്കല്‍ പൊലീസ് മാറ്റിയിരുന്നതിനാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു. ലാത്തി ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത ഉദ്യോഗസ്ഥര്‍ ലാത്തി ഉപയോഗിച്ച് മര്‍ദിച്ചതിനാല്‍ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുരക്ഷയൊരുക്കി മുന്നോട്ടുപോവേണ്ട ഉദ്യോഗസ്ഥര്‍ വിഐപി വാഹനം കടന്നുപോയ ശേഷം, വാഹനം നിര്‍ത്തിയിറങ്ങി പ്രതിഷേധക്കാരെ മര്‍ദിക്കുകയായിരുന്നുവെന്നും പറയുന്നു.
