അടുത്ത തർക്കം പാർട്ടി അധ്യക്ഷനായി; പുതിയ കെപിസിസി പ്രസിഡന്റാകാൻ കോൺഗ്രസ് നേതാക്കൾ ചരടുവലി തുടങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലെ ആഭ്യന്തര അഭിപ്രായഭിന്നതകൾ പൂർണമായി ശമിക്കുന്നതിന് മുമ്പേ കെ.പി.സി.സി അധ്യക്ഷ പദവിക്കായുള്ള നീക്കങ്ങൾ സജീവമാകുന്നു. നിലവിലെ സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാറും പി.സി. വിഷ്ണുനാഥും മന്ത്രിസഭയിലെത്തിയ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ പുതിയ നേതൃസംഘം രൂപീകരിക്കേണ്ട സാഹചര്യം ഉയർന്നിരിക്കുകയാണ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ ഒ.ജെ. ജനീഷിന് പകരക്കാരനെ കണ്ടെത്തുന്നതും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. പുതിയ അധ്യക്ഷനെക്കുറിച്ചുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും, സ്ഥാനത്തോട് താൽപര്യമുള്ള ചില നേതാക്കൾ ഹൈക്കമാൻഡിനെ ഇതിനകം സമീപിച്ചിട്ടുണ്ടെന്നാണ് സൂചന.

സർക്കാരുമായി അനാവശ്യ ഏറ്റുമുട്ടലുകൾ ഒഴിവാക്കി സംഘടനയെയും ഭരണത്തെയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന നേതാവിനെയാണ് ഹൈക്കമാൻഡ് പരിഗണിക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഭരണ-സംഘടനാ തലങ്ങളിൽ ഏകോപനം ഉറപ്പാക്കാൻ കഴിയുന്ന വ്യക്തിക്ക് മുൻഗണന ലഭിക്കാനും സാധ്യതയുണ്ട്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി പാർട്ടിക്കുള്ളിൽ മൂന്ന് വിഭാഗങ്ങളായി നിലപാടുകൾ രൂപപ്പെട്ടത് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ വിഭാഗീയത കുറച്ച് പാർട്ടിയിൽ ഐക്യം ഉറപ്പാക്കാൻ കഴിയുന്ന നേതാവിനെ കണ്ടെത്തുക എന്നതും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലെ പ്രധാന മാനദണ്ഡങ്ങളിലൊന്നായിരിക്കും.

ഭരണത്തിൽ പ്രധാന സ്ഥാനങ്ങൾ ഒരു വിഭാഗത്തിനാണ് ലഭിച്ചതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾക്കും അധ്യക്ഷസ്ഥാനത്തേക്ക് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിനിടെ, ലോക്‌സഭാംഗം കൊടിക്കുന്നിൽ സുരേഷ് അധ്യക്ഷ പദവിയിലേക്കുള്ള താൽപര്യം പരസ്യമാക്കിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള ഒരാൾ ഇതുവരെ കെ.പി.സി.സി. അധ്യക്ഷനായിട്ടില്ലെന്ന വാദം ഉയർത്തിയാണ് അദ്ദേഹം തന്റെ അവകാശവാദം മുന്നോട്ടുവെക്കുന്നത്.

ബെന്നി ബെഹനാൻ, ജോസഫ് വാഴയ്ക്കൻ, ആന്റോ ആന്റണി, കെ.സി. ജോസഫ്, മാത്യു കുഴൽനാടൻ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. മുതിർന്ന നേതാവെന്നനിലയിലാണ് കെ.സി. ജോസഫിന്റെ പേരുയർന്നത്. മുതിർന്ന നേതാവായിട്ടും വേണ്ടത്ര പരിഗണന നൽകിയില്ലെന്നത് ജോസഫ് വാഴയ്ക്കനുള്ള ന്യായം. ജനപ്രതിനിധികളായിരിക്കുന്നവർ വേണ്ടെന്നാണ് തീരുമാനമെങ്കിൽ ആ മാനദണ്ഡത്തിൽ പലരും ഒഴിവാകും. പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർണമായും ഹൈക്കമാൻഡിന്റെ താത്പര്യത്തിനനുസരിച്ചാണ് ചെയ്യുക. സംസ്ഥാനത്ത് ഏകാഭിപ്രായമുണ്ടായാൽ തീരുമാനമെടുക്കാൻ എളുപ്പമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!