‘പോലീസ് സ്റ്റേഷൻ ചുമതല ഇൻസ്പെക്ടർമാർക്ക് നൽകിയതോടെ സ്റ്റേഷനുകളുടെ ഊർജവും നിഷ്പക്ഷതയും നഷ്ടപ്പെട്ടു’, ഉന്നതതല സമിതി റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ചുമതല ഇൻസ്പെക്ടർമാർക്ക് നൽകിയതോടെ സ്റ്റേഷനുകളുടെ നിഷ്പക്ഷതയും
ഊർജവും നഷ്ടപ്പെട്ടുവെന്ന് പോലീസ് ഉന്നതതല സമിതി റിപ്പോർട്ട്.

ലോക്നാഥ് ബെഹ്റ പോലീസ് മേധാവി ആയിരുന്ന കാലത്താണ് സ്റ്റേഷൻ ചുമതല ഇൻസ്പെക്ടർമാർക്ക് നൽകിയത്.
എന്നാൽ ഈ പരീക്ഷണം വിജയിച്ചില്ലെന്നാണ് പോലീസ് ഉന്നതതല സമിതിയുടെ റിപ്പോർട്ട്.

മുൻ ഡിജിപി കെ.പത്മകുമാർ, ഐജി അനൂപ് കുരുവിള ജോൺ, ഡിഐജി എസ്.ഹരിശങ്കർ എന്നിവർ അംഗങ്ങളായ കഴിഞ്ഞ സർക്കാർ നിയോഗിച്ച സമിതിയുടേതാണ് റിപ്പോർട്ട്.

സമിതി ചൂണ്ടിക്കാട്ടിയ അഞ്ച് കാര്യങ്ങൾ

1. എസ്ഐയായി സ്റ്റേഷൻ ചുമതല വർഷങ്ങളോളം നോക്കിയവർ സിഐയായപ്പോഴും അതേ ജോലിയിൽ തന്നെ ഇരിക്കേണ്ടിവന്നത് സിഐമാരെ നിരാശപ്പെടുത്തി.
2. ചെറുപ്പക്കാരായ എസ്ഐമാർ ചുമതലയേറ്റയുടൻ കേസ് അന്വേഷണത്തിലും പ്രശ്നങ്ങളിലും പരാതികളിലും നിഷ്പക്ഷ നിലപാട് സ്വീകരിക്കുമായിരുന്നു. ഇതിൽ മാറ്റം വന്നതോടെ സ്റ്റേഷനുകളുടെ നിഷ്പക്ഷത നഷ്ടപ്പെട്ടു.
3. ഉറക്കം പോലുമില്ലാത്ത ജോലികൾ 40 വയസ്സിനു മുകളിലുള്ള ഇൻസ്പെക്ടർമാ ർക്ക് കടുത്ത സമ്മർദമുണ്ടാക്കി.
4. മൂന്ന് സ്റ്റേഷനുകളുടെ ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർ ഒരു സ്റ്റേഷന്റെ ചുമതലയിലേക്ക് ഒതുങ്ങിയതോടെ സൂപ്പർവൈസറി അധികാരം നഷ്ടപ്പെട്ടു.
5. സ്റ്റേഷൻ ചുമതല സിഐമാർക്ക് ലഭിച്ചതോടെ നേരിട്ട് എസ്ഐയായി കയറുന്ന ചെറുപ്പക്കാർ നിർജീവമായി.

കേരളത്തിൽ അകെയുള്ള 484 പൊലീസ് സ്റ്റേഷനുകളിൽ 108 എണ്ണത്തിൽ ഇൻസ്പെക്ടർ സംവിധാനം നിലനിർത്താമെന്നാണ് സമിതിയുടെ ശുപാർശ.

ജില്ലാ ആസ്ഥാനത്തുള്ളവയും വിവിഐപി സന്ദർശനം, കേസുകളുടെ ബാഹുല്യം തുടങ്ങി 8 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയവയാണ് ഈ സ്റ്റേഷനുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!