കൊച്ചി : ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ലോയേഴ്സ് കോൺഗ്രസ്.
യുഡിഎഫ് ഇതര കക്ഷികളുമായി ബന്ധപ്പെട്ട അഭിഭാഷകരെ നിയമിച്ചെന്നാണ് ആരോപണം. അനർഹരുടെ നിയമനം പിൻവലിക്കണമെന്നും ഇല്ലെങ്കിൽ പേരുകൾ പുറത്തുവിടുമെന്നും ലോയേഴ്സ് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
ജില്ലാ-സബ് ഓർഡിനേറ്റ് കോടതി നിയമനങ്ങളിലും സമാന സാഹചര്യമുണ്ടാകുമെന്ന ആശങ്ക. കെപിസിസിയും എഐസിസിയും അടിയന്തരമായി ഇടപെടണമെന്നും ലോയേഴ്സ് കോൺഗ്രസ്.
അതിനിടെ ജില്ല കോടതികളിൽ കേന്ദ്ര സർക്കാർ അഭിഭാഷകരെ നിയമിച്ചതിൽ വീഴ്ചയെന്ന് പ്രധാനമന്ത്രിക്കും കേന്ദ്ര വിജിലൻസ് കമ്മീഷനും പരാതി. കേന്ദ്ര നിയമ മന്ത്രാലയമാണ് ജില്ലാ കോടതികളിൽ കേന്ദ്രസർക്കാർ അഭിഭാഷകരെ നിയമിക്കുന്നത്.
ജില്ല കോടതികളിലെ കേന്ദ്ര സർക്കാർ കോൺസലർമാരെ നിയമിച്ചതിൽ വീഴ്ച്ചയും ക്രമക്കേടുമുണ്ടെന്നാണ് പ്രധാനമന്ത്രിക്കും കേന്ദ്ര വിജിലൻസ് കമ്മീഷനും ലഭിച്ച പരാതി.
രാജസ്ഥാൻ ധോൽപൂർ സ്വദേശി ഗൗരവ് ശർമ്മയെയാണ് പാലക്കാട് ജില്ലാ കോടതിയിലെ കേന്ദ്രസർക്കാർ അഭിഭാഷകനായി നിയമിച്ചത്. കോടതി വ്യവഹാരങ്ങൾ മലയാളത്തിൽ നടക്കുമ്പോഴാണ് രാജസ്ഥാൻ സ്വദേശിയുടെ പാലക്കാട്ടെ നിയമനം. അന്വേഷിച്ചപ്പോൾ നിയമനത്തെ സംബന്ധിച്ച് അറിവില്ലെന്ന് ഗൗരവ ശർമ പറഞ്ഞതായും പരാതിയിൽ പരാമർശിക്കുന്നു.
