കെപിസിസി ആസ്ഥാനത്തെ ‘ആലിംഗന വിവാദം…. ഖേദപ്രകടനവുമായി ചെറിയാൻ ഫിലിപ്പ്… ‘സ്ത്രീലമ്പടനായി ചിത്രീകരിച്ചത് വേദനിപ്പിച്ചു’

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തുണ്ടായ ആലിംഗന വിവാദത്തിൽ ഖേദപ്രകടനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

തിരഞ്ഞെടുപ്പ് വിജയലഹരിയിൽ പരിസരബോധം മറന്നാണ് താൻ പെരുമാറിയതെന്നും തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അനൗചിത്യം ഉണ്ടായിട്ടുണ്ടെങ്കിൽ പൊതുസമൂഹം ക്ഷമിക്കണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. തന്റെ പ്രവൃത്തിയിൽ യാതൊരുവിധ ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റേത് പിതൃനിർവിശേഷമായ സ്നേഹപ്രകടനമായിരുന്നു എന്ന് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എം.പി അന്നുതന്നെ പറഞ്ഞിരുന്നതായി ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി. തന്റെ പെരുമാറ്റത്തിൽ ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും, അത് തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോൾ ഉസ്മാനും വ്യക്തമാക്കിയിട്ടുണ്ട്.

വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം തന്റെ കുഞ്ഞനുജത്തിമാരാണെന്നും, ഇന്ന് ഇന്ദിരാ ഭവനിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇവരോടെല്ലാം ആഹ്ലാദപൂർവ്വം സൗഹൃദം പങ്കുവെച്ചതായും അദ്ദേഹം കുറിച്ചു.

തന്റെ വ്യക്തിജീവിതത്തെയും ആരോഗ്യസ്ഥിതിയെയും കുറിച്ച് വൈകാരികമായ കുറിപ്പോടെയാണ് ചെറിയാൻ ഫിലിപ്പിന്റെ പോസ്റ്റ് അവസാനിക്കുന്നത്. അരനൂറ്റാണ്ട് മുമ്പ് രാഷ്ട്രീയ പീഡനത്തിൽ നട്ടെല്ലിനും സുഷുമ്നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടർന്ന് അരയ്ക്ക് താഴെയുള്ള നാഡീവ്യവസ്ഥ തകരാറിലായ വ്യക്തിയാണ് താനെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കഠിനമായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റ് നടക്കുന്നത്. ഒറ്റയ്ക്കായി സന്യാസ സദൃശമായ ജീവിതം നയിക്കുന്ന തന്നെ ചില സാമൂഹ്യമാധ്യമങ്ങൾ സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി തളർത്തിയെന്നും ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി യെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് സാന്ത്വനമേകിയ അഭ്യുദയകാംക്ഷികൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!