തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നത് തങ്ങള്‍ക്ക് അറിയില്ലായിരുന്നു. രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചായിരുന്നു വന്ദേമാതരം ആലപിച്ചതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചായിരുന്നു ആലപിച്ചത്. ഞാനും നില്‍ക്കുമ്പോഴാണ് കേള്‍ക്കുന്നത്. അതിന്റെ ഇടയില്‍ തടസ്സപ്പെടുത്താന്‍ പറ്റുമോ? അവസാനം ആലപിക്കുമോ എന്നും അറിയില്ലായിരുന്നു. സാധാരണ ദേശീയ ഗാനമാണ് ആലപിക്കാറ്. ഇതുംകൂടി ആലപിച്ചു. ഇവിടെ ആലപിച്ചത് ഞങ്ങള്‍ അറിഞ്ഞ് കൊണ്ടല്ല.’- വി ഡി സതീശന്‍ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിനിടെ ജാതി പേര് ചേര്‍ത്ത് വായിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്ന് വി ഡി സതീശന്‍ ചോദിച്ചു. ‘എന്റെ അച്ഛന്റെ പേര് അതാണ്. അമ്മയുടെ പേര് കൂടി പറയാത്തതില്‍ സങ്കടമുണ്ട്. ഞാന്‍ എംഎല്‍എയാകുന്നതിന് മുന്‍പ് മരിച്ച് പോയവരാണ് രണ്ടുപേരും. എന്റെ ഫുള്‍ നെയിം വായിച്ചു. സാധാരണ അങ്ങനെയാ ണല്ലോ. പാസ്‌പോര്‍ട്ടില്‍ എഴുതുന്നത് അങ്ങനെയല്ലേ. അച്ഛന്റെ പേര് കൂടി പറയാന്‍ വേണ്ടിയിട്ടാണ് അങ്ങനെ പറഞ്ഞത്. സത്യമായിട്ടും. എനിക്ക് സന്തോഷമാണ്.
മാതാപിതാക്കളെ ഓര്‍ക്കണ്ടേ. അമ്മയെ ഞാന്‍ മനസിലും വിചാരിച്ചു. അച്ഛന്റെ പേരും പറഞ്ഞു. അമ്മയുടെ പേര് പറയാന്‍ സാധ്യത ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അമ്മയുടെ പേര് കൂടി പറഞ്ഞേനേ. അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ്’- വി ഡി സതീശന്‍ വ്യക്തമാക്കി.
