ജയ്പൂര്‍: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി രാജസ്ഥാന്‍ റോയല്‍സിന് ഏഴാം വിജയം. നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് തകര്‍പ്പന്‍ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ലഖ്‌നൗവിനെതിരെ ഏഴു വിക്കറ്റ് വിജയമാണ് രാജസ്ഥാന്‍ നേടിയത്.
ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ വിജയത്തിലെത്തി. 14 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്. 0.083 നെറ്റ് റണ്‍റേറ്റുള്ള രാജസ്ഥാന് അടുത്ത മത്സരം ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം.
അര്‍ധ സെഞ്ചറി നേടിയ വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 38 പന്തുകള്‍ നേരിട്ട വൈഭവ്, 10 സിക്‌സുകളും ഏഴു ഫോറുകളുമുള്‍പ്പടെ 93 റണ്‍സാണ് അടിച്ചെടുത്തത്. 38 പന്തുകളില്‍ 53 റണ്‍സെടുത്ത ധ്രുവ് ജുറെല്‍ പുറത്താകാതെ നിന്നു. യശസ്വി ജയ്‌സ്വാളും (23 പന്തില്‍ 43) ബാറ്റിങ്ങില്‍ തിളങ്ങി. ഓപ്പണിങ് വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്ത യശസ്വി ജയ്‌സ്വാള്‍ -വൈഭവ് സൂര്യവംശി സഖ്യമാണ് വിജയത്തിന് അടിത്തറയിട്ടത്.
നേരത്തെ 57 പന്തില്‍ നിന്ന് 96 റണ്‍സെടുത്ത് മിച്ചല്‍ മാര്‍ഷിന്റെയും 29 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസിന്റെയും പ്രകടനമാണ് ലഖ്‌നൗവിന് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റേത് മികച്ച തുടക്കമായിരുന്നു. തകര്‍ത്തടിച്ച മിച്ചല്‍ മാര്‍ഷും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് 3.3 ഓവറില്‍ തന്നെ ടീം അമ്പത് കടന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീം 83 റണ്‍സിലെത്തി. ഏഴാം ഓവറില്‍ ഇംഗ്ലിസ് അര്‍ധസെഞ്ചുറി തികച്ചു. 23 പന്തിലാണ് താരത്തിന്റെ ഫിഫ്റ്റി. എട്ടോവറില്‍ ടീം 105 റണ്‍സിലെത്തി. എന്നാല്‍ ഒന്‍പതാം ഓവറില്‍ ജോഷ് ഇംഗ്ലിസ് പുറത്തായി.
പിന്നീട് നിക്കോളാസ് പുരാനെ ഒരുവശത്തുനിര്‍ത്തി മാര്‍ഷ് വെടിക്കെട്ട് നടത്തി. 25 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി തികച്ച മാര്‍ഷ് ടീമിനെ 150 കടത്തി. പുരാന്‍ 16 റണ്‍സെടുത്ത് പുറത്തായി.മൂന്നാം വിക്കറ്റില്‍ ഋഷഭ് പന്തും മാര്‍ഷുമാണ് ലഖ്‌നൗ ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചത്. ഇരുവരും ചേര്‍ന്ന് ടീമിനെ 200 കടത്തി. പന്ത് 23 പന്തില്‍ നിന്ന് 35 റണ്‍സെടുത്തു.
