ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ച 23 പേരുടെ പുതിയ പട്ടികയിൽ ബംഗളൂരു സ്വദേശിയായ സോഫ്റ്റ്‍വെയർ എൻജിനീയറും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (യുഎപിഎ) ആണ് ഇവരെ ഭീകരരായി പ്രഖ്യാപിച്ചത്. ടെക്കി ഉൾപ്പെടെ 6 ഇന്ത്യക്കാരും 17 പാകിസ്ഥാനികളും അടങ്ങുന്നതാണ് പുതിയ പട്ടിക.
നിലവിൽ ഇന്ത്യക്ക് പുറത്തുള്ള ഈ 23 വ്യക്തികൾക്കെതിരെ ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ, പരിശീലനം, നുഴഞ്ഞുകയറ്റം, ലോജിസ്റ്റിക്സ് പിന്തുണ, ധനസഹായം, ആയുധ വിതരണം, ഡ്രോൺ വഴിയുള്ള ആയുധക്കടത്ത്, ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയോ അതിന് ഒത്താശ ചെയ്യുകയോ ചെയ്യൽ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പുതിയ കൂട്ടിച്ചേർക്കലുകളോടെ, യുഎപിഎ പ്രകാരം ഭീകരരായി പ്രഖ്യാപിക്കപ്പെട്ട വ്യക്തികളുടെ ആകെ എണ്ണം 80 ആയി ഉയർന്നു.
’23 ഭീകരരിൽ 17 പേർ പാകിസ്ഥാൻ പൗരന്മാരും 6 പേർ ഇന്ത്യൻ പൗരന്മാരുമാണ്. ഇവർ എല്ലാവരും നിലവിൽ പാകിസ്ഥാനിൽ നിന്നും പാക് അധീന ജമ്മു കശ്മീരിൽ നിന്നുമാണ് പ്രവർത്തിക്കുന്നത്’- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
ബംഗളൂരു സ്വദേശിയായ ടെക്കി മുഹമ്മദ് ഷഹീദ് ഫൈസൽ (40) ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ നിലവിൽ പാകിസ്ഥാനിലെ റാവൽപിണ്ടിയിലാണ് താമസിക്കുന്നതെന്നും, പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്കർ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു. അൽ ഖ്വയ്ദ, ഐസ്ഐസ് മൊഡ്യൂളുകളുമായും ഫൈസലിന് ബന്ധമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. മുഹമ്മദ് ഷഹീദ് ഫൈസലിനെ കൂടാതെ ഭീകരരായി പ്രഖ്യാപിക്കപ്പെട്ട മറ്റ് അഞ്ച് ഇന്ത്യക്കാരും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ഫിർദൗസ് അഹമ്മദ് ഭട്ട് (33), ഹാരുൺ റഷീദ് ഗനായ് എന്ന ‘ഷുനൂ’ (36), ബിലാൽ അഹമ്മദ് മീർ എന്ന ‘അഹമ്മദ് ഭായ്’ (27), ആബിദ് ഖയൂം ലോൺ (27), നസീർ അഹമ്മദ് ഗുജ്ജർ എന്നിവരാണ് പട്ടികയിലെ മറ്റ് ഇന്ത്യൻ പൗരൻമാർ.
സോഷ്യൽ മീഡിയ വഴി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും പാകിസ്ഥാനിൽ അവർക്ക് ആയുധ പരിശീലനം ഏർപ്പാടാക്കുകയും ചെയ്യുന്നത് മുഹമ്മദ് ഷഹീദ് ഫൈസലാണ്. നിയമപാലകരിൽ നിന്ന് രക്ഷപ്പെടാൻ ഡാറ്റാ എൻക്രിപ്ഷനും വ്യാജ ഐഡന്റിറ്റികളും ഉപയോഗിക്കുന്നതിലും ഇയാൾ പരിശീലനം നൽകുന്നു. രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിനായി ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കുന്നതിലും നിരവധി ഭീകരാക്രമണങ്ങളുടെ ഗൂഢാലോചനകളിലും ഇയാൾ പങ്കാളിയാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2024 മാർച്ച് 1ന് ബംഗളൂരുവിലെ ‘ദി രമേശ്വരം കഫേ’യിൽ നടന്ന ഐഇഡി സ്‌ഫോടനം ആസൂത്രണം ചെയ്ത ഭീകര സംഘത്തിന്റെ മുഖ്യ സൂത്രധാരൻ ഫൈസൽ ആണെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. 2012 മുതൽ എൻഐഎ തിരയുന്ന ഫൈസലിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ 14 വർഷത്തിനിടെ കർണാടകയിലെ മൂന്ന് ഭീകര ഗ്രൂപ്പുകളെ ഇയാൾ നിയന്ത്രിച്ചിരുന്നതായാണ് വിവരം. ബംഗളൂരുവിലെ രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ ഇയാൾ നഗരത്തിൽ കുറച്ചുകാലം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിരുന്നു. അതിനു ശേഷം സൗദി അറേബ്യയിലേക്ക് പോയ ഇയാൾ പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിവന്നിട്ടില്ലെന്നു റിപ്പോർട്ടുകൾ പറയുന്നു.
