തൊടുപുഴ : ചങ്ങനാശേരിയില്‍ രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ കോടതി ശിക്ഷിച്ചത് പെണ്‍വാണിഭക്കേസ് നടത്താൻ കഞ്ചാവ് വില്‍പ്പനയിലേയ്ക്ക് തിരിഞ്ഞ ക്രിമിനലായ യുവതിയെ.
ചങ്ങനാശേരി വലിയകുളത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം കൂരോപ്പട കോത്തല ചൊറിക്കാവുങ്കല്‍ വീട്ടില്‍ രാജേഷിന്റെ ഭാര്യ ജോമിനി തോമസി ( 42) നെയാണ് തൊടുപുഴ എൻ ഡി പി എസ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.എൻ ഹരികുമാർ ശിക്ഷിച്ചത്.
കേസില്‍ ജോമിനി മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും അടക്കുന്നതിനാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. പൂവരണി പെണ്‍വാണിഭക്കേസില്‍ പ്രതിയായ ജോമിനിയെ കോടതി ആറു വർഷത്തേയ്ക്ക് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ അപ്പീല്‍ ജാമ്യത്തില്‍ പുറത്ത് നില്‍ക്കുന്നതിനിടെയാണ് ഇപ്പോള്‍ സോമിയെ കഞ്ചാവ് കേസില്‍ ശിക്ഷിച്ചിരിക്കുന്നത്.
2018 ഏപ്രിലില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ കേസിലാണ് ഇപ്പോള്‍ സോമിനിയെ കോടതി ശിക്ഷിച്ചത്. ചങ്ങനാശേരിയില്‍ നിന്നാണ് കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ ആയിരുന്ന സജികുമാർ വി. ആറും സംഘവും ചേർന്ന് ജോമിനിയെ പിടികൂടിയത്.
പൂവരണി പെണ്‍വാണിഭക്കേസില്‍ പ്രതിയായതോടെയാണ് ഇവർ കഞ്ചാവ് വില്‍പ്പനയിലേയ്ക്ക് അടക്കം കടന്നത്. കേസ് നടത്തിപ്പിന് ആവശ്യമായ പണം കണ്ടെത്തുന്നതിനാണ് ഇവർ കഞ്ചാവ് കച്ചവടം ആരംഭിച്ചത്. ഇവർ നാലു വിവാഹം കഴിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. നിലവില്‍ ഇവരുടെ ഭർത്താവ് ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള ഗുണ്ടാ മാഫിയ തലവനാണ്. ഇയാളുടെയും കൂട്ടാളികളുടെയും തണലിലാണ് ഇവർ ഇപ്പോള്‍ കഞ്ചാവ് കച്ചവടം അടക്കം നടത്തുന്നത്.
കാപ്പാ കേസിലും ലഹരിക്കേസുകളിലും പ്രതികളായ യുവാക്കളാണ് ഇപ്പോള്‍ ഇവർക്കൊപ്പമുള്ളത്. കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഇവർക്കെതിരെയുള്ള പീഡനക്കേസിലെ ശിക്ഷയിലും വിധി എന്താകുമെന്ന് ഉറ്റു നോക്കുകയാണ് ഉദ്യോഗസ്ഥ സംഘം.
