കോട്ടയം: 2023 ഏപ്രില്‍ മുതല്‍ അംഗത്വത്തിനും പെന്‍ഷനും വേണ്ടിയുള്ള അപേക്ഷകളിന്‍മേല്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കാതിരിക്കുന്നതില്‍ നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.
പെന്‍ഷന്‍ കമ്മിറ്റി കൂടുന്നില്ല, നല്കുന്ന കത്തുകള്‍ക്ക് മറുപടിയോ നടപടികളോ ഉണ്ടാകുന്നില്ല. ഇത് സംബന്ധിച്ച ഡിപിആറിന് നല്കുന്ന ഒരു കത്തും ചര്‍ച്ചയ്ക്ക് വിധേയമാകുന്നില്ല. മാധ്യമ മേഖലയിലെ പത്ര ജീവനക്കാരുടെ ക്ഷേമത്തിനായി 20 വര്‍ഷം മുന്‍പ്, അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതി തകിടം മറിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ടോ യെന്ന് സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു.
മാധ്യമ മേഖലയില്‍ പണിയെടുക്കുന്ന നാലായിരത്തിലധികം കുടുംബങ്ങള്‍ക്ക്, സര്‍വീസില്‍ നിന്നും വിരമിക്കുമ്പോള്‍ ലഭിക്കുന്ന ഏക ആശ്രയമായ ഈ പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കപ്പെടാന്‍ പാടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സമ്മേളനം അഭ്യര്‍ത്ഥിച്ചു.
കോട്ടയം ഐഎംഎ ഹാളില്‍ നടന്ന നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ആറാം സംസ്ഥാന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍ജെപിയു ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍, വൈസ് പ്രസിഡന്റ് ഇ.എം. രാധ, സംസ്ഥാന പ്രസിഡന്റ് കെ.എന്‍. ലതാനാഥന്‍, കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍, എന്‍ജെപിയു ട്രഷറര്‍ പി.കെ. മത്തായി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജെയിംസ് കുട്ടി ജേക്കബ്, എന്‍ജെപിയു കോട്ടയം ജില്ലാ പ്രസിഡന്റ് കെ. ദ്വാരകനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
