തിരുവനന്തപുരം: അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗം. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ അഞ്ച് പ്രധാന വാഗ്ദാനങ്ങളിൽ രണ്ടെണ്ണം ആദ്യ യോഗത്തിൽ തന്നെ നടപ്പിലാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും. രാജ്യത്ത് ആദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് കേരളത്തിൽ രൂപീകരിച്ചു. ആശ വർക്കർമാരുടെ ഓണറേറിയം 3,000 രൂപ വർദ്ധിപ്പിച്ചു. ഇതോടെ ഓണറേറിയം 12,000 രൂപയാകും. ഇവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കും.
അങ്കണവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, പ്രീ-പ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരുടെ ഓണറേറിയത്തിൽ 1,000 രൂപയുടെ വർദ്ധനവ് വരുത്തി. മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻമാർ പ്രതിഷേധക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പുനരന്വേഷണം നടത്തും.
