തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ കേരളാ മുഖ്യമന്ത്രിയെ നിശ്ചയിക്കാനായിട്ടില്ല. രമേശ് ചെന്നിത്തലയും, വി.ഡി. സതീശനും, കെ.സി. വേണുഗോപാലും മുഖ്യമന്ത്രിസ്ഥാനത്തിനായി മുന്നിലുള്ളതാണ് ദേശീയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതത്വ ത്തിൽ മുസ്‌ലിം ലീഗ് കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഭരണരൂപീകരണ ചർച്ചകൾ അനാവശ്യമായി നീളുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ജനവിധിക്ക് വിരുദ്ധമായ നിലപാടാണിതെന്നും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പറഞ്ഞു. പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ഈ വിജയത്തിന്റെ തിളക്കം കെടുത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് ലീഗ് വിലയിരുത്തുന്നു.
കഠിനമായ വേനൽ ചൂടിനെ പോലും അവഗണിച്ച് സാധാരണക്കാരായ പ്രവർത്തകർ ഒഴുക്കിയ വിയർപ്പിന്റെ ഫലമാണ് ഈ വിജയമെന്നും, എന്നാൽ അത് ആഘോഷിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അബ്ദുൽ ഹമീദ് ചൂണ്ടിക്കാട്ടി. ‘ഇതിനാണോ ഞങ്ങൾ വോട്ട് ചെയ്തത്’ എന്ന് വോട്ടർമാരും വനിതാ പ്രവർത്തകരും നേരിട്ട് ചോദിക്കുന്ന സാഹചര്യം നേതാക്കളെ പ്രതിരോധത്തിലാക്കുന്നുണ്ട്.
പലയിടങ്ങളിലും ജനപ്രതിനിധികൾക്ക് നൽകേണ്ട സ്വീകരണ പരിപാടികൾ പോലും അനിശ്ചിതത്വത്തിലാണ്. കല്യാണ വീടുകളിലും മറ്റ് പൊതുചടങ്ങുകളിലും എത്തുമ്പോൾ ജനങ്ങൾ പരിഹാസത്തോടെയും അമർഷത്തോടെയുമാണ് പ്രതികരിക്കുന്നത്.
