“പാർട്ടി നയംതിരുത്തണം,    അല്ലെങ്കിൽ മുന്നോട്ട് പോകാനാവില്ല”… തളിപ്പറമ്പിലെ വിജയി ടി.കെ. ഗോവിന്ദൻ

തളിപ്പറമ്പ്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ അട്ടിമറിച്ചതിന് പിന്നാലെ, പാർട്ടിക്കുള്ളിലെ ജനാധിപത്യമില്ലാ യ്മയെയും ഏകാധിപത്യ പ്രവണതകളെയും രൂക്ഷമായി വിമർശിച്ച് നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ രംഗത്തെത്തി.

എം.വി. ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കരുതെന്ന് പാർട്ടി ഘടകങ്ങളും ജനങ്ങളും ഒരുപോലെ പറഞ്ഞിട്ടും നേതൃത്വം അത് ചെവികൊണ്ടില്ല. ഉൾപ്പാർട്ടി ജനാധിപത്യം ഇല്ലാതായാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഫാസിസ്റ്റ് രൂപം കൈക്കൊള്ളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സ്ഥാനാർത്ഥി നിർണ്ണയം നടന്ന യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തിരുന്നെങ്കിൽ ഈ സ്ഥാനാർത്ഥിയെ മാറ്റുമായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പി.കെ. ശ്യാമളയുടെ പേര് മാത്രമാണ് പോയതെന്നും എതിരഭിപ്രായങ്ങൾ തമസ്കരിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

എം.വി. ജയരാജനെപ്പോലെയുള്ള നേതാക്കൾ വിടുവായത്തം പറയുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ജയരാജൻ തനിക്കെതിരെ പൊതുയോഗങ്ങളിൽ പ്രസംഗിച്ചത് തന്റെ വോട്ട് കൂടാനേ സഹായിച്ചുള്ളൂ. ഒരു പാർട്ടിക്കാരനും കൂടെ നിൽക്കില്ലെന്ന് പറഞ്ഞ ജയരാജന് ഇപ്പോൾ കാര്യങ്ങൾ ബോധ്യമായിട്ടുണ്ടാകും. തന്റെ കുടുംബവും അണികളും കൂടെയുണ്ടെന്ന് ഈ വിജയം തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് പിന്തുണയോടെ വിജയിച്ച താൻ, കോൺഗ്രസ് തീരുമാനിക്കുന്ന മുഖ്യമന്ത്രിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. പാർട്ടി നേതൃത്വം അണികളോടും ജനങ്ങളോടും ഒപ്പം നിൽക്കണമെന്നും ഈ തിരഞ്ഞെടുപ്പ് ഫലം പാർട്ടി നയം തിരുത്താനുള്ള ശക്തമായ സൂചനയാണെന്നും ടി.കെ. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!